മസ്കത്ത്: അമിറാത് ടർഫ് ഒന്ന് ഗ്രൗണ്ടിൽ നടന്ന ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷനിൽ ലീഗ് മത്സരത്തിൽ വി.എൽ.സി.സിക്ക് തുടർച്ചയായ രണ്ടാം വിജയം. കരുത്തരായ സവാവി പവർടെക്കിനെ ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പവർടെക് 28.5 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മധ്യനിര ബാറ്റർ കലൈരാസൻ (47), ക്യാപ്റ്റൻ പ്രഭാകരൻ എന്നിവരുടെ മികവിലാണ് താരതമ്യേന പൊരുതാവുന്ന സ്കോർ പടുത്തുയർത്താനായത്.
മൂന്നു വീതം വിക്കറ്റ് നേടിയ മുൻ അഫ്ഗാനിസ്താൻ ദേശീയ താരം അബ്ദുല്ല ആദിലും ക്യാപ്റ്റൻ പരമേശ്വരനും ആണ് പവർടെക്കിന്റെ മുൻനിരയെ തകർത്തത്. രണ്ടു വിക്കറ്റുകൾ വീതം നേടി അഫ്ഗാൻ താരം ബാത്തിനും ശ്രീലങ്കൻ താരം സചിന്തുവും മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വി.എൽ.സി.സിക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഓപണറായ മെൽവിൻ സജ്ജാദ്, സാഹിൽ എന്നിവരെ കൂട്ടുപിടിച്ചു നടത്തിയ പ്രകടനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 33 ഓവറിൽ വിജയം കാണുകയായിരുന്നു. 47 റൺസെടുത്ത മെൽവിനാണ് ടോപ് സ്കോറർ. പുറത്താകാതെ 40 റൺസ് എടുത്ത സാഹിലും 26 റൺസെടുത്ത സജ്ജാദും വിജയത്തിൽ മുഖ്യ പങ്കാളികളായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു