തിരുവനന്തപുരം: നവകേരളയാത്രയ്ക്കും കേരളം സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നവകേരളയാത്ര കാരണം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റര്‍ ചെയ്ത രണ്ട് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.
പച്ചയായ കൊള്ളയാണ് ഇതെന്ന് വ്യക്തമാണ്. രജിസ്ട്രേഷന് സമയത്ത് വില കുറച്ച് കാണിച്ചെന്നാണ് കൊള്ളയ്ക്ക് സര്‍ക്കാരിന്റെ ന്യായീകരണം. വലിയ ഫൈന്‍ അടച്ചില്ലെങ്കില്‍ സ്ഥലം ജപ്തി ചെയ്യുമെന്നാണ് ഭീഷണി. 1986 ല്‍ സര്‍ക്കാര്‍ ഭൂമിക്ക് ന്യായവില കണക്കാക്കിയിരുന്നില്ല. പിന്നെ എങ്ങനെയാണ് വില കുറച്ച് കാണിക്കുകയെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കണം എന്നും അദ്ദേഹം.
വിധവ പെന്ഷന് വിതരണം ചെയ്യാതെ പിണറായി സര്‍ക്കാര്‍ പാവങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. പുനര്‍വിവാഹം നടന്നിട്ടില്ലെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് വിധവ പെന്ഷന് വാങ്ങുന്നവരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയവര്‍ക്ക് പോലും സര്‍ക്കാര്‍ വിധവാ പെന്ഷന് നിഷേധിച്ചിരിക്കുകയാണ്.
ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക നല്‍കില്ലെന്നാണ് മന്ത്രി പറയുന്നത്. സംസ്ഥാനത്ത് 30,000ല്‍ അധികം പേര്‍ക്കാണ് വിധവ പെന്ഷന് നിഷേധിക്കപ്പെട്ടത്. പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. സര്‍ക്കാരിന്റെ ജനവഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുന്ന പണിയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഈ കൊള്ളയ്ക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും സുരേന്ദ്രന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു