ത്വാഇഫ്: വാഹനാപകടത്തിൽ മരിച്ച കർണാടക ബണ്ട്വാൾ കരംഖാന സ്വദേശി കിഡ്ല ഇസ്മാഈലിന്റെ (58) മൃതദേഹം അഞ്ച് ദിവസത്തിനുശേഷം ത്വാഇഫിൽ ഖബറടക്കി. സൈക്കിളിൽ സഞ്ചരിക്കവെ സിന്ധി സൂപ്പർ മാർക്കറ്റിന് സമീപം ഇദ്ദേഹത്തെ കാറിടിക്കുകയായിരുന്നു. ഉടൻ ത്വാഇഫ് കിങ് ഫൈസൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അപകടം സംഭവിച്ചപ്പോൾ മൊബൈൽ ഫോൺ വാഹനം കയറി നശിച്ചിരുന്നു. അതിനാലാണ് സ്പോൺസറെയോ കൂടെ ജോലി ചെയ്യുന്നവരെയോ കണ്ടെത്താൻ കഴിയാതിരുന്നത്. മരണം നടന്ന് മൂന്നാം ദിവസം ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സ്വാലിഹുമായി കിങ് ഫൈസൽ ആശുപത്രി അധികൃതർ ബന്ധപ്പെടുകയും അവകാശികളെ കണ്ടെത്താത്ത ഇന്ത്യക്കാരന്റെ മൃതദേഹത്തെ കുറിച്ച് വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെയും സ്പോൺസറെയും കണ്ടെത്തുകയും ബന്ധുക്കൾ നൽകിയ വക്കാലത്ത് പ്രകാരം നിയമ നടപടിക്രമങ്ങൾ നാലകത്ത് മുഹമ്മദ് സ്വാലിഹ് പൂർത്തീകരിക്കുകയുമായിരുന്നു.
32 വർഷമായി ത്വാഇഫിലെ സാമി ബിൻ മുഹമ്മദ് സാഫി എസ്റ്റാബ്ലിഷ്മെൻറിൽ ജോലിചെയ്യുന്ന ഇസ്മാഈൽ അവസാനമായി നാട്ടിൽ പോയി വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. ഡിസംബറിൽ മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യയും ദുബൈയിൽ ജോലിചെയ്യുന്ന മകനും ഒരു മകളുമടങ്ങിയതാണ് പരേതെൻറ കുടുംബം. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അസർ നമസ്കാരാനന്തരം അബ്ദുല്ലാഹിബ്നു അബ്ബാസ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാര ശേഷം മൃതദേഹം ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും മകൻ സുഹൈബും ബന്ധുക്കളും നാലകത്ത് മുഹമ്മദ് സാലിഹും കെ.എം.സി.സി പ്രവർത്തകരും സ്പോൺസറും കമ്പനി ജീവനക്കാരും പരേതന്റെ നാട്ടുകാരും പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു