ദമ്മാം: ‘ഗ്രാമത്തിന്റെ ഇട്ടാവട്ടത്തിന് പുറത്ത് ലോകത്തിന്റെ വലിയ ആകാശം കാണിച്ചത് എന്നിലെ പാട്ടായിരുന്നു. അതിനെ ഞാൻ ഉപേക്ഷിച്ചു എന്ന രീതിയിലുള്ള പ്രചാരണങ്ങൾ എന്നെ ഏറെ ബാധിച്ചു’ -ആലാപന ശൈലിയുടെ വ്യത്യസ്തതകൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗായകൻ അനസ് ആലപ്പുഴ പറഞ്ഞു.
ആലപ്പുഴ നീർക്കുന്നം സ്വദേശികളായ അബ്ദുല്ലത്തീഫിന്റെയും സൈനബയുടേയും മകനായ അനസ് ഏഷ്യാനെറ്റിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ‘മൈലാഞ്ചി’യിലൂടെയാണ് മലയാളി പാട്ടാസ്വാദകരുടെ മനസ്സിൽ ഇടംനേടുന്നത്. അതിന് മുമ്പ് കൈരളി ടി.വിയുടെ ‘പട്ടുറുമാലി’ലും പങ്കെടുത്തിട്ടുണ്ട്. ജ്യേഷ്ഠൻ അസ്ലമാണ് പാട്ടിനോട് ഇഷ്ടം കൂടാൻ കാരണമായത്. നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂളിലെ പഠനകാലത്ത് നന്നായി പാടുന്ന കുട്ടിയെ അധ്യാപകൻ സുബൈർ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ അനസിലെ പാട്ടുകാരൻ വളർന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ കൊച്ചിൻ കലാഭവനിലെ സംഗീത വിദ്യാർഥിയായി. പിന്നീടാണ് പട്ടുറുമാലിലെ മത്സരാർഥിയായത്. കൂട്ടുകാരാണ് അതിന് വഴിയൊരുക്കിയത്.
ഗ്രാമ ചുറ്റുപാടിൽ റിയാലിറ്റി ഷോയുടെ അധിക ചിട്ടവട്ടങ്ങൾ അറിയാതെ മത്സരിക്കാനെത്തിയ അനസ് ക്വാർട്ടർ ഫൈനലിൽ പുറത്തായി. എന്നിട്ടും അന്നവിടെ വിധികർത്താക്കളായിരുന്നവർ പറഞ്ഞ നല്ല വാക്കുകൾ വലിയ പ്രചോദനമായി. പിന്നീടാണ് ‘മൈലാഞ്ചി’യിൽ എത്തുന്നത്. അതിന്റെ പ്രൊഡ്യൂസറായ തോട്ടപ്പള്ളിക്കാരൻ സർഗു വിജരാജ് ‘ഇത്രയും നാൾ നീ എവിടെയായിരുന്നു’ എന്നാണത്രെ ചോദിച്ചത്. ആ വാക്കുകൾ വലിയ ധൈര്യമാണ് പകർന്നത്. വിധികർത്താക്കളായിരുന്ന ബാപ്പു വെള്ളിപറമ്പും പി.കെ. ഫിറോസും സിന്ധു പ്രേംകുമാറും കണ്ണൂർ ഷെരീഫുമൊക്കെ നൽകിയ നിർദേശങ്ങൾ അനസിലെ പാട്ടുകാരനെ മെച്ചപ്പെടുത്തി. ഫൈനലിൽ എത്തുമ്പോഴേക്കും തന്നെ ഇഷ്ടപ്പെടുന്ന പാട്ടാസ്വാദകരുടെ എണ്ണം പെരുകിയെന്ന് അനസ് ഓർക്കുന്നു.
പിന്നീട് ഒരു സുപ്രഭാതത്തിൽ അനസ് പാട്ടുപേക്ഷിക്കുന്നു എന്ന മട്ടിൽ പ്രചരിച്ച വാർത്ത അതിവേഗം ആസ്വാദകർക്കിടയിൽ പടർന്നു. സത്യാവസ്ഥ വിശദീകരിക്കാൻ കഴിയാനാവാത്ത വിധം ഇൗ പ്രചാരണം വ്യാപകമായി. തെൻറ ചില വാക്കുകളെ തെറ്റിദ്ധരിച്ച് പ്രചാരണായുധമാക്കിയവർ പിന്നീട് ക്ഷമ ചോദിക്കുകകൂടി ചെയ്തതോടെ അവരെ കുറ്റപ്പെടുത്താൻ കഴിയാതെ നിശ്ശബ്ദനായി അനസിന് നിൽക്കേണ്ടി വന്നു. ‘ഞാനൊരിക്കലും പാട്ട് ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കുകയില്ലെന്നും അനസ് പറയുന്നു. ഇങ്ങ് സൗദിയിൽ ആയിരക്കണക്കിന് മലയാളികളുടെ മുന്നിൽ, ഗസ്സയിൽ പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി എനിക്ക് പാടാൻ കഴിഞ്ഞത് ഞാനൊരു പാട്ടുകാരനായതുകൊണ്ടാണ്. അത് എന്റെ നിയോഗമാണ്.
ഒരിക്കലും പാട്ടെനിക്ക് മതിമറന്ന് ആടിപ്പാടാനുള്ളതല്ല. മറിച്ച് അത് ആസ്വാദക ഹൃദയത്തിലേക്ക് ആഹ്ലാദവും സമാധാനവും പകരാനുള്ളതാണ്. അത്തരം പാട്ടുകളാണ് അധികവും പാടാനായി ഞാൻ തിരഞ്ഞെടുക്കാറുള്ളതും. പാട്ട് മതവിരുദ്ധമെന്ന് പറയുന്ന മതപണ്ഡിതന്മാർക്കിടയിൽനിന്നുതെന്നയാണ് ഇത് മനുഷ്യന് അനുഗ്രഹമാണെന്ന് എന്നെ പഠിപ്പിക്കാനും ആളുണ്ടായത്. ഭാര്യ സുമയ്യയും മക്കളായ മുഅ്മിന, ജുനൈന, മുഹമ്മദലി എന്നിവരും കട്ടക്ക് കൂടെയുണ്ട് എന്നതാണ് എന്റെ ധൈര്യം -അനസ് കൂട്ടിച്ചേർക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു