ജിദ്ദ: കുത്തനെ ടേക്ക് ഓഫും ലാൻഡിങ്ങും നടത്താനാകുന്ന ‘ഇവിറ്റോൾ’ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹെലികോപ്ടറുകൾ 2026ഓടെ റിയാദിലും ജിദ്ദയിലും പ്രവർത്തനസജ്ജമാകും. ഇതിനായി ദേശീയ വിമാന കമ്പനിയായ ഫ്ലൈനാസും ഈവ് എയർ മൊബിലിറ്റി കമ്പനിയും സഹകരണ കരാർ ഒപ്പിട്ടു. ഇലക്ട്രിക് വിമാനങ്ങൾക്കായുള്ള പ്രാദേശിക സംവിധാനത്തിന്റെ ഭാവി കെട്ടിപ്പടുക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ഇത് വലിയ സംഭാവന ചെയ്യും.
പ്രമുഖ കമ്പനി എന്ന നിലയിൽ ഈവ് എയർ മൊബിലിറ്റിയുമായുള്ള കരാർ പരിസ്ഥിതിയിലും സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും സുസ്ഥിരമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങൾ സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കമ്പനിയുടെ തന്ത്രവുമായി പൊരുത്തപ്പെടുന്നുവെന്ന് ഫ്ലൈനാസ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ബന്ദർ അൽമുഹന്ന പറഞ്ഞു. വാതക ഉദ്വമനം നിർവീര്യമാക്കാനുള്ള ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വിമാന യാത്രക്കുള്ള പങ്കാളിത്ത കാഴ്ചപ്പാടിലെ ഒരു നാഴികക്കല്ലാണ് ധാരണാപത്രമെന്ന് ഈവ് എയർ മൊബിലിറ്റി സി.ഇ.ഒ ജോഹാൻ ബോർഡിസ് പറഞ്ഞു. കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ വ്യോമഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഇത് പ്രതിനിധാനംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ വിമാന യാത്രയുടെ ഭാവി മെച്ചപ്പെടുത്താനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു