അബൂദബി: 52ാമത് ദേശീയദിന പൊതു അവധിയുടെ ഭാഗമായി അബൂദബി, ഷാർജ എമിറേറ്റുകളിൽ പാർക്കിങ് സൗജന്യം. ശനിയാഴ്ച മുതൽ ഡിസംബർ നാല് തിങ്കളാഴ്ച വരെയാണ് ഇളവ് ലഭിക്കുക. ശനിയാഴ്ച മുതൽ ഡിസംബർ അഞ്ച് ചൊവ്വാഴ്ച രാവിലെ 7.59 വരെ മവാഖിഫ് പാർക്കിങ് ഫീസ് സൗജന്യമായിരിക്കുമെന്ന് അബൂദബി സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. മുസ്സഫ എം-18 ട്രക്ക് പാർക്കിങ് ലോട്ടിലും ഇക്കാലയളവിൽ പാർക്കിങ് സൗജന്യമാണ്.
നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് സംയോജിത ഗതാഗതകേന്ദ്രം ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ താമസകേന്ദ്രങ്ങളുടെ പാർക്കിങ് ഇടങ്ങളിൽ വാഹനങ്ങൾ നിർത്തരുതെന്നും അധികൃതർ അറിയിച്ചു. ഡിസംബർ രണ്ട് ശനിമുതൽ അഞ്ചാം തീയതി വരെ ടോൾ ഗേറ്റിൽ ഫീസ് ഈടാക്കുകയുമില്ല.
കസ്റ്റമർ ഹാപിനസ് സെന്ററുകൾ ഡിസംബർ രണ്ടു മുതൽ ഡിസംബർ നാല് വരെ അടച്ചിടും. ഡിസംബർ അഞ്ച് മുതലാവും ഇവ പ്രവർത്തനം പുനരാരംഭിക്കുക. അതേസമയം സംയോജിത ഗതാഗത കേന്ദ്രത്തിന്റെ വെബ്സൈറ്റ് മുഖേനയും താം പ്ലാറ്റ്ഫോം മുഖേനയും പൊതുജനങ്ങൾക്ക് സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
എമിറേറ്റിൽ ശനിയാഴ്ച മുതൽ തിങ്കൾ വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പെയ്ഡ് പാർക്കിങ് സംവിധാനം ചൊവ്വാഴ്ച പുനരാരംഭിക്കും. ബ്ലൂ പാർക്കിങ് സോണുകളിൽ ഇളവ് ലഭിക്കുകയില്ല. ദുബൈയിലും പാർക്കിങ് സൗജന്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു..
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു