ന്യൂഡൽഹി∙ ഉത്സവ സീസണും ഉയർന്ന ഉൽപാദനവും ചേർന്നപ്പോൾ നവംബറിൽ വാഹന വിപണിയിൽ ബംബർ കച്ചവടം. ഇതുവരെയുള്ള നവംബർ മാസങ്ങളിലെ ഏറ്റവും ഉയർന്ന വ്യാപാരമാണ് ഈ വർഷം. 3.5 ലക്ഷം കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ മാസം വിറ്റതിനെക്കാൾ 3.9% കൂടുതൽ. 3.22 ലക്ഷം യൂണിറ്റുകളായിരുന്നു 2022 നവംബറിലെ കച്ചവടം.
നടപ്പു സാമ്പത്തിക വർഷം രാജ്യത്താകെ 41 ലക്ഷത്തിലധികം കാറുകൾ വിൽക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫിസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഉത്സവകാല താൽപര്യത്തിനൊപ്പം ഇലക്ട്രോണിക് ഘടകങ്ങൾ ഉൾപ്പെടെ ക്ഷാമമില്ലാതെ ലഭ്യമായതു കൊണ്ടുള്ള ഉൽപാദന മികവും നവംബറിൽ വാഹന വ്യാപാരത്തെ കാര്യമായി തുണച്ചെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ നവംബർ 15 മുതൽ കാർ ബുക്കിങ്ങിൽ കുറവു കാണുന്നതായും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വിപണിയിൽ 1,34,158 വാഹനങ്ങളാണ് മാരുതി നവംബറിൽ വിറ്റത്. കഴിഞ്ഞ വർഷം നവംബറിനെ (1,32,395 ) അപേക്ഷിച്ച് 1.33% വർധന. എൻട്രി ലെവൽ, കോംപാക്റ്റ് കാറുകളുടെയും സെഡാനുകളുടെയും വിൽപനയിൽ കുറവുണ്ടായപ്പോൾ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപന ഉയർന്നു. ഹ്യുണ്ടായ് മോട്ടർ ഇന്ത്യയ്ക്ക് 3% വിൽപന വർധന നേടാനായി. വിറ്റത് 49,451. കഴിഞ്ഞ തവണ 48,002. എസ്‌യുവി വിഭാഗത്തിൽ 68% വിൽപന നേട്ടമാണ് കമ്പനിക്കു ലഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു