ചെന്നൈ: ചെന്നൈയിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് മരിച്ചത്.
സംഭവത്തിൽ കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആഷിഖിനെ (20) പോലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു പിന്നാലെ മൃതദേഹത്തിന്റെ ചിത്രം ആഷിഖ് വാട്സ്അപ്പ് സ്റ്റാറ്റസായി പങ്കുവച്ചിരുന്നു. പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ പ്രതികാരമായാണ് ഫൗസിയയെ സുഹൃത്തായ ആഷിഖ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് പെൺകുട്ടിയെ ഉപദ്രവിച്ചതിന് ആഷിഖ് പോക്സോ കേസിൽ അറസ്റ്റിലായിരുന്നു, മൂന്നുമാസത്തോളം ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആഷിഖ് പിന്നീട് ഫൗസിയ മൊഴി മാറ്റിയതോടെയാണ് മോചിതനായത്.
പിന്നീട് ഇവർ വീണ്ടും അടുത്തു. വിവാഹത്തിന് തയ്യാറാണെന്ന് ആഷിഖ് അറിയിച്ചെങ്കിലും ഫൗസിയയുടെ കുടുംബം തയ്യാറായില്ല. ചെന്നൈയിലെ ഹോട്ടൽമുറിയിൽ വച്ച് ഫൗസിയയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി. ചിത്രം അച്ഛന് അയച്ചുകൊടുക്കുകയു ചെയ്തു. അഞ്ച് വർഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കിയെന്ന് സ്റ്റാറ്റസിൽ എഴുതിയിരുന്നു. പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു