കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തല്‍. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ കേസില്‍ പ്രതികളെന്ന് പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം.
നെടുങ്കോലം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതെ പത്മകുമാറും കുടുംബവും ബുദ്ധിമുട്ടിയിരുന്നെന്നും വിവരമുണ്ട്. എന്നാല്‍ 10 ലക്ഷം രൂപ കണ്ടെത്താന്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാമെന്ന് തീരുമാനിച്ച യുക്തി പൊലീസിന് മനസിലാകുന്നില്ല. അതിനാല്‍ തന്നെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ് പൊലീസ്.
പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. ഇതിന് കാരണമായി പറയുന്നതാകട്ടെ തന്‍റെ മകൾക്ക് വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ വാഗ്ദാനം നൽകിയെന്നതാണ്.
എന്നാൽ മകൾ പഠിച്ചത് കമ്പ്യൂട്ടർ സയൻസാണെന്നും പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നു. കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിംഗ് പഠിക്കാനാകുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതുകൊണ്ടുതന്നെ പത്മകുമാറിന്‍റെ മൊഴി കെട്ടുകഥയാണെന്ന സംശയവും ബലപ്പെടുകയാണ്. കേസിലെ ദുരൂഹതകളും വർധിക്കുകയാണ്.
മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്. അടൂര്‍ കെ എ പി ക്യാംപിൽ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തൽ. പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി വാക്കുനൽകിയെന്നും പ്രതി പറയുന്നു. വാക്കുപാലിച്ചില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നൽകിയില്ലെന്നും പദ്‌മകുമാര്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ പൊലീസ് വിശ്വസിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു