ജിദ്ദ: രാജ്യത്ത് വംശീയ വിദ്വേഷം വര്‍ധിച്ചുവരുകയാണെന്നും അതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ യോജിപ്പ് അനിവാര്യമാണെന്നും വെൽഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്. ഹ്രസ്വ സന്ദര്‍ശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ പ്രവാസി സംഘടന പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു.
അപരസ്ഥാനത്ത് ആളുകളെ നിര്‍ത്തി കുറ്റക്കാരനാക്കുകയും കൃത്രിമ സംഭവങ്ങള്‍ സൃഷ്ടിച്ച് അപരനില്‍ അതിന്റെ ഉത്തരവാദിത്തം ചുമത്തുന്ന വൃത്തിഹീന പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കളമശ്ശേരി തീവ്രവാദ ആക്രമണം അതിന്റെ മികച്ച ഉദാഹരണമാണ്. ആറുപേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടും പൊതുസമൂഹം ആ സംഭവത്തെ ഗൗരവത്തില്‍ കാണുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംഘ് പരിവാറിന്റെ വർഗീയ വിഷം ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരുകൾ ഊന്നിക്കഴിഞ്ഞു. അത് കൊണ്ടുതന്നെ കേവല അധികാര മാറ്റം കൊണ്ട് മാത്രം സമൂഹത്തിൽ മാറ്റം ഉണ്ടാകില്ല. വംശീയ രാഷ്ട്രീയത്തില്‍നിന്ന് രക്ഷപ്പെടാന്നുള്ള ആദ്യപടിയെന്ന നിലയിൽ അടുത്ത പൊതു തെരഞ്ഞെടുപ്പോടെ സംഘ്പരിവാറിനെ അധികാരത്തിൽനിന്ന് പുറത്താക്കേണ്ടതുണ്ട്.
പ്രതിപക്ഷ വോട്ടുകള്‍ ചിതറിപ്പോവുന്നതാണ് പ്രധാന പ്രശ്നം. ഇത് മനസ്സിലാക്കി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേദിക്ക് രൂപം നല്‍കിയത് പ്രതീക്ഷയേകുന്നതാണ്. സംഘ്പരിവാറിനെ ആശയപരമായി നേരിടുന്നതോടൊപ്പം പ്രതിപക്ഷത്തുള്ള എല്ലാവരേയും ചേര്‍ത്ത് നിർത്തേണ്ടത് അനിവാര്യമാണെന്നും കെ.എ. ഷഫീഖ് ചൂണ്ടിക്കാട്ടി.
പ്രൊവിന്‍സ് പ്രസിഡന്റ് ഉമര്‍ പാലോട് അധ്യക്ഷത വഹിച്ചു. കബീര്‍ കൊണ്ടോട്ടി, വീരാന്‍കുട്ടി കോയിസ്സൻ, സമീര്‍ കോയകുട്ടി, ഹിഫ്സുറഹ്മാന്‍, ഡോ. ഉസ്മാന് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് സുഹ്റ ബഷീര്‍ നന്ദിയും പറഞ്ഞു. നാഷനൽ സെക്രട്ടറി അബ്ദുറഹീം ഒതുക്കുങ്ങല്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു