തെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചതിനുപിന്നാലെ ഇസ്രായേലിൽ സൈനിക വാഹനത്തിന് നേരെ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സേന അറിയിച്ചു. ഗസ്സയോട് അതിർത്തി പങ്കിടുന്ന നിരിമിലെ സതേൺ കമ്യൂണിറ്റിയിലാണ് ആക്രമണം നടന്നത്. സുരക്ഷാ സേനയിലെ അഞ്ച് പേർക്കാണ് പരിക്കേറ്റതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. മറ്റ് രണ്ട് പേർക്ക് നേരിയ പരിക്കേറ്റതായി ഇസ്രായേൽ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഇസ്രായേലിലെ അഷ്‌കെലോൺ, സദേറത്ത്, ബീർഷെബ നഗരങ്ങളിൽ തങ്ങൾ റോക്കറ്റ് ആക്രമണം നടത്തിയതായി നേരത്തെ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചിരുന്നു.
അതേസമയം, ഇന്ന് രാവിലെ വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ നരമേധത്തിൽ 70 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് ആരോഗ്യപ്രവർത്തകരും ഒരു പത്രപ്രവർത്തകനും ഉൾപ്പെടും. വടക്കൻ ഗസ്സയെന്നോ തെക്കൻ ഗസ്സയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ബോംബുകൾ വർഷിക്കുകയാണ് ഇസ്രായേൽ.
തെക്കൻ ഗസ്സയിലുള്ളവരോടും ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം ലഘുലേഖകൾ വിതറി. ആക്രമണം ഇനിയും രൂക്ഷമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
റഫ, ഖാൻ യൂനിസ്, ജബാലിയ, മഗാസി, നുസരിയത്ത് എന്നിവിടങ്ങളിലെ ഡസൻകണക്കിന് പാർപ്പിടങ്ങൾ ഇസ്രായേൽ തകർത്തു. ഗസ്സയിലെ മിക്ക ആശുപത്രികളും തകർന്നതിനാൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആവശ്യത്തിനുള്ള സൗകര്യങ്ങളില്ല.
ഇസ്രായേൽ വ്യോമാക്രമണം പുനരാരംഭിച്ചതിനെത്തുടർന്ന് തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ചികിത്സ തേടുന്ന പരിക്കേറ്റവർക്ക് വലിയ മുറിവുകളുമായി നിലത്താണ് കിടക്കേണ്ടിവരുന്നതെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.
വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇസ്രായേൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്. ഹമാസ് ഉടമ്പടി ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. തടവിലുള്ള സ്ത്രീകളെയും കുട്ടികളെയും വിട്ടുനൽകാമെന്നുള്ള വാഗ്ദാനങ്ങൾ നിരസിച്ച ഇസ്രായേൽ ഗസ്സയിലെ വംശഹത്യയാണ് ലക്ഷ്യമിടുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി.
വെടിനിർത്തലിനു ശേഷം ഒരാഴ്ചയ്ക്കിടെ 105 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. അതേസമയം, ഗസ്സയിൽ ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15000 കടന്നു. ഇതിൽ 3300ലേറെയും കുട്ടികളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു