അൽഖോബാർ: സൗദി ചാരിറ്റി മാരത്തൺ ഡിസംബർ ഒമ്പതിന് രാവിലെ 10ന് ഖോബാർ കോർണീഷിൽ നടക്കും. ഇത്തവണ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒരുമിച്ചാണ് മത്സരം. അഞ്ച് കിലോമീറ്റർ ദൂരമാണ് ഓടി പൂർത്തിയാക്കേണ്ടത്. മത്സരത്തിൽ പങ്കെടുക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 50 റിയാലാണ്.
അത് ഓൺലൈനായി അടക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മൊബൈൽ നമ്പറിലേക്ക് ബാർകോഡ് ലഭിക്കും. അത് കാണിച്ച് ടീഷർട്ടും സ്റ്റിക്കർ നമ്പറും വാങ്ങണം. രജിസ്ട്രേഷന് https://runningrace.com.sa/en/home/ എന്ന ലിങ്ക് ഉപയോഗിക്കാം.1995ൽ ദഹ്റാൻ നാഷനൽ സ്കൂളിൽ നടന്ന പാരൻറ്സ് കൗൺസിൽ സമ്മേളനത്തിലാണ് ഈ ആശയം രൂപം കൊള്ളുന്നത്. കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ഹൃദയത്തിൽ അന്തർലീനമായ നന്മയുടെയും രാജ്യത്തോടും സമൂഹത്തോടുമുള്ള അവരുടെ സ്നേഹത്തിന്റെയും പ്രതിഫലനമെന്ന നിലയിലാണ് വാർഷിക ചാരിറ്റി റൺ ആരംഭിച്ചത്.
എല്ലാ രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ആ ആശയത്തെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദഹ്റാൻ നാഷനൽ സ്കൂളിലെ രക്ഷിതാക്കൾ, വ്യവസായികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽനിന്ന് ‘വാർഷിക ചാരിറ്റി റൺ’ എന്ന പേരിൽ കമ്മിറ്റി രൂപവത്കരിച്ചാണ് ഇതിന് നേതൃത്വം നൽകുന്നത്.
അതത് സ്കൂളുകളിൽ കമ്മിറ്റി അംഗങ്ങൾ ഇടക്കിടെ യോഗം ചേരും. കിഴക്കൻ പ്രവിശ്യയിലെ ജനങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുസ്ഥിരരായതിനാലും അവരുടെ രാജ്യത്തെയും സമൂഹത്തെയും വിലമതിക്കുന്നതിനാലുമാണ് വാർഷിക ചാരിറ്റി റൺ എന്ന ആശയം ഉടലെടുത്തത്. ആത്മാർഥതയുള്ള നിരവധി ബിസിനസുകാരും ചാരിറ്റി ദാതാക്കളും വിദ്യാർഥികളുടെ മാതാപിതാക്കളും ചേർന്ന് ഈ ആശയം പ്രവർത്തനക്ഷമമാക്കി. കഴിഞ്ഞ വർഷം 20,000ത്തിലധികം പേർ മാരത്തണിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു