കൊച്ചി : ടെലികോം, ടെക് കമ്പനികളുടെ മുൻനിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയൻസ് ജിയോയും ചേർന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷൻ ഹബ് ഇന്ന് മുംബൈയിൽ ഉത്‌ഘാടനം ചെയ്തു.
ഇത്തരത്തിലുള്ള ആദ്യത്തേതായ ഈ ഇന്നൊവേഷൻ ഹബ്, ജനറേറ്റീവ് എഐ (GEN AI ), ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM ), ഓപ്പൺ ഡിജിറ്റൽ ആർക്കിടെക്ചർ (ODA ) എന്നിവയുടെ വികസനം ത്വരിതപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് ഐടി പാർക്കിൽ നടന്ന ചടങ്ങിൽ ആക്‌സെഞ്ചർ, ഡ്യൂഷെ ടെലികോം, ഗൂഗിൾ ക്ലൗഡ്, ഓറഞ്ച്, ടെലിനോർ, വോഡഫോൺ എന്നിവയുൾപ്പെടെയുള്ള ഇന്നൊവേഷൻ ഹബ് സ്ഥാപക അംഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ടെലികോം രംഗത്തുനിന്നും ടെക്നോളജി നിന്നുമുള്ള പ്രതിഭകളുടെ സഹകരണം ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളികൾക്കുള്ള മികച്ച ചിന്തകളും പരിഹാരങ്ങളും നൽകാൻ സഹകരിക്കും.
ആഗോള സോഫ്‌റ്റ്‌വെയർ വികസന പ്രതിഭകളുടെ പ്രഭവകേന്ദ്രമായ ഇന്ത്യയെ അംഗീകരിക്കുന്നതിനായാണ് ആദ്യത്തെ ടിഎം ഫോറം ഇന്നൊവേഷൻ ഹബ്ബിനുള്ള ലൊക്കേഷനായി മുംബൈയെ തിരഞ്ഞെടുത്തത്.