തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്കരിക്കാൻ കെ.പി.സി.സി തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചാ പരിപാടികളിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് കെ.പി.സി.സി അറിയിച്ചു.
2023 നവംബര്‍ 29 ന് ചാനലിലെ “മീറ്റ് ദ എഡിറ്റേഴ്‌സ്” പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണ്. വിമര്‍ശനം ഉന്നയിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉള്ളപ്പോള്‍ തന്നെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകൻ അല്ലാത്ത മുട്ടില്‍ മരം വെട്ട് കേസ് പ്രതിയായ ചാനല്‍ ഉടമയെ ഉള്‍പ്പെടുത്തിയ പാനല്‍ നടത്തിയത് മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തഃസ്സത്തക്കും മാധ്യമധര്‍മ്മത്തിനും നിരക്കാത്തതാണ് -കെ.പി.സി.സി വ്യക്തമാക്കി.