മുംബൈ: രാജ്യത്ത് പ്രചാരത്തിലിരുന്ന രണ്ടായിരം രൂപ നോട്ടുകളില്‍ 97.26 ശതമാനവും ബാങ്കുകളില്‍ മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്ക്.നിലവില്‍ 9,760 കോടി വിലമതിക്കുന്ന നോട്ടുകള്‍ മാത്രമേ രാജ്യത്ത് ഉപയോഗത്തിലുള്ളൂവെന്നും ആര്‍.ബി.ഐ. അറിയിച്ചു. കഴിഞ്ഞ മെയ് 19-നാണ് രണ്ടായിരം രൂപ നോട്ടുകള്‍ ആര്‍.ബി.ഐ. പിൻവലിച്ചത്.
നേരത്തെ 3.56 ലക്ഷം കോടി വിലമതിക്കുന്ന രണ്ടായിരം രൂപ നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്നതെന്നും പിൻവലിച്ച ശേഷം നവംബര്‍ 30-നുള്ളില്‍ തന്നെ 97.26 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍.ബി.ഐ. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോഴും നോട്ടുകളുടെ നിയമപ്രാബല്യം തുടരുന്നുണ്ട്. ജനങ്ങള്‍ക്ക് രാജ്യത്താകമാനമുള്ള 19 ആര്‍.ബി.ഐ. ഓഫീസുകളില്‍ നിന്നായി രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. തപാല്‍ വഴിയും ഓഫീസുകളിലേക്ക് നോട്ടുകളയക്കാം.
നേരത്തെ, കഴിഞ്ഞ സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റിയെടുക്കണമെന്നായിരുന്നു ആര്‍.ബി.ഐ.യുടെ നിര്‍ദ്ദേശം. പിന്നീട് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴു വരെ നീട്ടി. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ബേലാപ്പുര്‍, ഭോപ്പാല്‍, ഭുവന്വേശ്വര്‍, ചണ്ഡീഗഢ്,ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാണ്‍പുര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, ന്യൂഡല്‍ഹി, പട്ന എന്നീ 19 ആര്‍.ബി.ഐ. ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റിയെടുക്കാനായി വലിയ തിരക്ക് അനുഭവപ്പെടുന്നതായും ആര്‍.ബി.ഐ. വ്യക്തമാക്കി.