ദുബൈ: എം.എസ്.എസ് ദുബൈ കമ്മിറ്റിയുടെ യു.എ.ഇ ദേശീയ ദിനാഘോഷം ‘യു.എ.ഇ ഫെസ്റ്റ്’ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമായി 52 സ്കൂളുകളിലെ മത്സരാർഥികൾ പങ്കെടുക്കുന്ന പരിപാടിക്ക് രാവിലെ 10 മുതൽ രാത്രി 9 വരെ ദുബൈ ഗൾഫ് മോഡൽ സ്കൂളാണ് വേദിയാകുന്നത്. കെ.ജി-1 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ പങ്കെടുക്കും.
ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഇന്റർ സ്കൂൾ ക്വിസ് മത്സരം, എക്സിബിഷൻ, സ്ത്രീകളുടെ ഹെന്ന, കുക്കറി മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കളറിങ്, പെൻസിൽ ഡ്രോയിങ്, മോണോആക്ട്, പ്രസംഗമത്സരം, എസ്സെ റൈറ്റിങ്, ഖുർആൻ പാരായണം എന്നീ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പോയന്റ് നേടുന്ന സ്കൂളിന് ഓവറോൾ ട്രോഫിയും ക്വിസ് വിജയികൾക്ക് സ്വർണ നാണയങ്ങളും സമ്മാനം നൽകും.
ഡോ. സംഗീത് ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം. രക്ഷിതാക്കൾക്ക് വേണ്ടി സുസ്ഥിരതയെ കുറിച്ച് മുഷ്ബീറ യൂസുഫും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ എജുക്കേഷനെ കുറിച്ച് ഡോ. സാഹിദ് ചോലയിലും ഇ.എൻ.ടി പ്രശ്നങ്ങളെ കുറിച്ച് ഡോ. രഞ്ജിത്ത് വെങ്കിടാചലവും ഡിജിറ്റൽ കാലത്തെ പാരൻറിങ് സംബന്ധിച്ച് ഡോ. ഷറഫുദ്ദീൻ കടമ്പോടും ക്ലാസുകൾ നയിക്കും.
ക്ലിനിക്കൽ സൈക്കോളജി കൗൺസലിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവസരം പരമാവധി രക്ഷിതാക്കൾ ഉപയോഗിക്കണമെന്നും എം.എസ്.എസ് മീഡിയ കൺവീനർ മുഹമ്മദ്ഷാഫി ചാവക്കാട് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു