കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് റെജിയെ വീണ്ടും മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പോലീസ്. റെജിയോട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എസ്.പി ഓഫീസില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചു.
ഒ.ഇ.ടി പരീക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി. ഇയാള്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ളാറ്റിലും ആശുപത്രിയിലും പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
ഫ്ളാറ്റില്‍നിന്ന് ഇയാളുടെ മൊബൈല്‍ ഫോണും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫോണ്‍ മുഖേന ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ തേടാന്‍ പിതാവിനെ വിളിച്ചുവരുത്തുന്നത്.കുട്ടി വിക്ടോറിയ ആശുപത്രിയില്‍ കഴിയുന്ന സമയത്തുതന്നെ റെജിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചിരുന്നു.
എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ല. ഇത് വലിയ സംശയത്തിനും പോലീസിന് ഇടനല്കി. മകള്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണെന്നും അവള്‍ക്കൊപ്പം ഇരിക്കുകയാണെന്നുമായിരുന്നു മൊഴി നല്കാന് വിളിച്ചപ്പോള്‍ റെജി പോലീസിനെ അറിയിച്ചത്. ഇക്കാര്യം പോലീസ് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തശേഷം കൊല്ലം റൂറല്‍ എസ്പി ഓഫീസിലേക്ക് കുട്ടിയുടെ അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന സംഘം എത്തിയിരുന്നു.
ആ സമയത്തും റെജിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ മകള്‍ക്കൊപ്പം മാത്രമേ താന്‍ മൊഴി നല്‍കുവെന്നാണ് റെജി പോലീസിനോട് പറഞ്ഞത്. അതിനാല്‍ റെജിക്ക് സംഭവത്തില്‍ ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.ഒഇടി പരീക്ഷാ ചോദ്യപേപ്പര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ എറണകുളത്തും തൃശ്ശൂരിലും ഈ സംഘാംഗങ്ങളിലുള്ള ആള്‍ക്കാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയിരുന്നു.
എന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ അവര്‍ ആവശ്യപ്പെട്ട പണം നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചതിനാല്‍ അന്നത് വലിയ വാര്‍ത്തയായിരുന്നില്ല. എന്നാല്‍ ഓയൂരിലെ വിഷയത്തില്‍ പെട്ടെന്ന് തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രശ്നം പരിഹരിക്കാന്‍ സംഘത്തിന് സാധിച്ചില്ലെന്നുമാണ് പോലീസ് അനുമാനിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു