ഇംഫാൽ: മണിപ്പൂരിൽ ഉഖ്രുൾ നഗരത്തിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ അജ്ഞാത ആയുധ സംഘം ഇരച്ചു കയറി 18.85 കോടി രൂപ കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം. ജീവനക്കാർ തുക എണ്ണുന്നതിനിടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി പത്തോളം വരുന്ന സംഘം ബാങ്കിലേക്ക് ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കോടികൾ ചാക്കിലാക്കി കടന്നത്.
ഉഖ്റുൾ ടൗണിലെ വ്യൂലാൻഡ്-1 ലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ അജ്ഞാത സംഘം സുരക്ഷാ ജീവനക്കാരേയും ബാങ്ക് ഉദ്യോഗസ്ഥരേയും കീഴ്പ്പെടുത്തിയാണ് പണവുമായി കടന്നത്. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കയറുപയോഗിച്ച് കെട്ടി സ്റ്റോർ റൂമിൽ പൂട്ടിയിട്ടാണ് കവർച്ച.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. കവർച്ചാ സംഘത്തെ പിടികൂടാൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഏഴ് മാസം മുൻപ് കലാപം ആരംഭിച്ച ശേഷം ഇതു രണ്ടാം തവണയാണ് സംസ്ഥാനത്ത് വൻ ബാങ്ക് കൊള്ള അരങ്ങേറുന്നത്. ജൂലൈയിൽ ചുരാചന്ദ്പുരിൽ ആക്സിസ് ബാങ്ക് ശാഖ കൊള്ളയടിച്ച് ആയുധധാരികളായ സംഘം ഒരു കോടിക്ക് മുകളിൽ രൂപ കൊള്ളയടിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു