കൊല്ലം: ഓയൂരിലെ ആറു വയസ്സുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തട്ടികൊണ്ട് പോയ ദിവസം രാത്രി താമസിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. പോകുന്ന വഴി പലയിടത്തും വാ പൊത്തി പിടിച്ചുവെന്നും തന്റെ തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്നും കുട്ടി പറയുന്നു.
ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും കുട്ടിയുടെ ആരോഗ്യനിലയും മാനസികനിലയും ഭേദപ്പെട്ടതിന് ശേഷമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. താമസിപ്പിച്ച സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ കണ്ടുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
പിറ്റേദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലുമായിരുന്നു. സംഘത്തിൽ കൂടുതൽ പേരെ കണ്ടെന്നും മൊഴി. ആശ്രാമം മൈതാനത്ത് വിട്ടപ്പോൾ പപ്പ വരുമെന്ന് അറിയിച്ചെന്ന് കുട്ടി പറയുന്നു.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കരുതുന്ന പ്രതികളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രമാണ് പുറത്തുവിട്ടത്.
കുട്ടി പറഞ്ഞവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. സംഘത്തിലുള്ള അംഗങ്ങളുടെ മുഖം ഓർമയില്ലെന്ന് കുട്ടി പറഞ്ഞു. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ നാലു പേർ മാത്രമല്ലെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ചൊവ്വാഴ്ച കുട്ടിയെ വഴിയിലിറക്കി വിടുമ്പോൾ പപ്പ വരുമെന്ന് പ്രതികൾ പറഞ്ഞിരുന്നതിനാലാണ് കുട്ടി കരയാതെ നിന്നത് എന്നും പൊലീസ് അനുമാനിക്കുന്നു. കുട്ടിയുടെ മൊഴിയും ഫോൺ രേഖകളും വെച്ച് അന്വേഷണം ദ്രുതഗതിയിലാക്കുകയാണ് പൊലീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു