ബെംഗളുരു: യുഎസും, ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ വലിയ ഉദാഹരണമാണ് നിസാര്‍ (നാസ-ഇസ്രോ സിന്തറ്റിക്ക് അപ്പേര്‍ചര്‍ റഡാര്‍) ദൗത്യം. വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്നോളജിക്കല്‍ മ്യൂസിയത്തില്‍ നടന്ന ‘റീച്ചിങ് ഫോര്‍ ദി സ്റ്റാര്‍സ്: എ കോണ്‍വര്‍സേഷന്‍ വിത്ത് നാസ ആന്റ് ഐഎസ്ആര്’ എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍.
ബഹിരാകാശ മേഖലയില്‍ യു,എസും, ഇന്ത്യയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സഹകരണം എടുത്തു പറഞ്ഞ അദ്ദേഹം, ബഹിരാകാശ പര്യവേക്ഷണത്തിനായി രാജ്യങ്ങള്‍ ചേരുമ്പോള്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും പറഞ്ഞു. മുന്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയും പരിപാടിയില്‍ പങ്കെടുത്തു. 14 മുതല്‍ 16 വരെ പ്രായമുള്ള 200 വിദ്യാര്‍ഥികള്‍ നെല്‍സണുമായും രാകേഷ് ശര്‍മയുമായും സംവദിച്ചു. യുഎസ് സര്‍ക്കാരും വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്നോളജിക്കല്‍ മ്യൂസിയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
2024 ല്‍ വിക്ഷേപണത്തിനൊരുങ്ങുന്ന സംയുക്ത നിസാര്‍ ദൗത്യം യുഎസിന്റെയും, ഇന്ത്യയുടെയും ബഹിരാകാശ രംഗത്തെ പങ്കാളിത്തം എങ്ങനെ ഭൂമിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നു എന്നതിന്റെ ഒരു ഉദാഹരണmമാണെന്ന് ബില്‍ നെല്‍സണ്‍ ചൂണ്ടിക്കാട്ടി. നിസാറില്‍ നിന്നുള്ള വിവരങ്ങള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രകൃതി വിഭവങ്ങളും, ദുരന്തങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാവും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലവും വേഗതയും നന്നായി മനസ്സിലാക്കാനാവുന്ന വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് നല്‍കുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു