നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് ചില സമയങ്ങളില്‍ തന്നെ അനുകരിക്കുന്നത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെന്ന് നടന് അശോകന്. അശോകനെ ഇനി ഒരിക്കലും അനുകരിക്കില്ലെന്ന് അസീസ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പ്രതികരണം.
‘എന്നെ അനുകരിച്ചതിനെക്കുറിച്ച് കൃത്യമായ മറുപടി ഞാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇനി അതിനെക്കുറിച്ച് പറഞ്ഞ് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തില്‍ വിഷമം ഒന്നുമില്ല. ഞാന്‍ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്, നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാന്‍ അന്നും പറഞ്ഞത്. ചില സമയങ്ങളില്‍ എന്നെ അനുകരിക്കുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാന്‍ കാരണം അതാണ്. മുന്‍പ് ചിലപ്പോള്‍ കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് ഒരാള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലേ. പിന്നെ എനിക്ക് പറയാന്‍ തോന്നി, പറഞ്ഞു. ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കല്‍ ഒന്നുമല്ലല്ലോ ഞാന്‍ ചെയ്തത്.
എന്നെ കറക്ട് ആയിട്ട് അനുകരിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ പേര് ഞാന്‍ പറയുന്നില്ല. കറക്ടല്ലാതെ ചെയ്യുന്നവരുമുണ്ട്. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്, അതൊരു ഗിഫ്റ്റാണ്. അത് എല്ലാവര്ക്കും കഴിയുന്ന ഒരു കാര്യമല്ല. അതിനെ അംഗീകരിച്ചേ പറ്റൂ. സിനിമയില്‍ തന്നെ മിമിക്രിയില്‍ നിന്ന് വന്ന എത്രയോ പേരുണ്ട്. ഒരാളെ അനുകരിക്കുമ്പോള്‍ അധിക്ഷേപിച്ച് കാണിക്കാന്‍ പാടില്ല. നമുക്ക് എല്ലാവര്ക്കും കുറ്റവും കുറവുണ്ട്. സാധാരണയിലും കുറച്ച് കൂട്ടിയാണ് മിമിക്രിയില്‍ കാണിക്കുന്നത്. അതിനും മുകളില്‍ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. അധിക്ഷേപിച്ച ചില ക്ലിപ്പുകള്‍ ഞാന്‍ കണ്ടു. എല്ലാവരും മറന്ന് കിടക്കുന്ന ഒരാളെ ആരെങ്കിലും കാണിക്കുമോ പേര് പോലും മനസില്‍ ഇല്ലാത്തവരെ മിമിക്രിക്കാര് കാണിക്കുമോ, ഇല്ല. ആരെങ്കിലും അങ്ങനെ ചെയ്തെന്ന് കരുതി ഒരാള്‍ പോപ്പുലര്‍ ആകുകയുമില്ല.
അസീസിനോട് പ്രോഗ്രാം നിര്‍ത്താനൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രഫഷന് നിര്‍ത്തുന്നത് എന്തിനാണ് ഞാന്‍ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ട് നിര്‍ത്താന്‍ പറയാന്‍ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാന്‍ പറയുകയുമില്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാന്‍ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആര്‍ട്ടിസ്റ്റാണ് നല്ല കലാകാരനാണെന്നാണ്. എന്നാല്‍ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. എന്നെ വളരെ അധിക്ഷേപിച്ച് ചെയ്യുന്ന ക്ലിപ്പുകള്‍ ഞാന്‍ കണ്ടു. എന്നെ കളിയാകുന്നതായോ ആക്ഷേപിക്കുന്നതായോ അരോചകമായിട്ടോ എനിക്ക് തോന്നി’, അശോകന് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു