തിരുവനന്തപുരം: മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന് (ജിഎഎഫ്-2023) നാളെ (ഡിസംബര്‍ 1) തിരുവനന്തപുരത്ത് തുടക്കമാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ച് ദിവസത്തെ സമ്മേളനം ഉച്ചയ്ക്ക് രണ്ടിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്യും.
ആധുനിക കാലത്തെ ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ജിഎഎഫ് ചര്‍ച്ചചെയ്യും. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ലോകത്തെ ഏറ്റവും വലിയ ആയുര്‍വേദ സമ്മേളനമായ ജിഎഎഫ് അഞ്ചാം പതിപ്പിന്‍റെ പ്രമേയം.കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും ജിഎഎഫ് ചെയര്‍മാനുമായ വി. മുരളീധരന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ജിഎഎഫിന്‍റെ ഭാഗമായുള്ള ദേശീയ ആരോഗ്യ മേള നാളെ (ഡിസംബര്‍ 1) രാവിലെ 11 ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യും. ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കോണ്‍ക്ലേവിന്‍റെ ഉദ്ഘാടനം ഡിസംബര്‍ 2ന് ശ്രീലങ്കയിലെ തദ്ദേശീയവൈദ്യ വകുപ്പ് സഹമന്ത്രി ശിശിര ജയകോടി നിര്‍വ്വഹിക്കും. ഡിസംബര്‍ 3 ന് കേന്ദ്ര എംഎസ്എംഇ ഖാദി ഗ്രാമ വ്യവസായ വകുപ്പ് മന്ത്രി നാരായണ്‍ റാണെ ഉദ്ഘാടനം ചെയ്യുന്ന ബിടുബി മീറ്റില്‍ മൗറീഷ്യസ് പ്രസിഡന്‍റ് പൃഥ്വിരാജ് സിംഗ് രൂപന്‍ മുഖ്യാതിഥിയാകും.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി സഹകരിച്ച് നടത്തുന്ന എന്‍സിഐഎസ്എം വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ പരിപാടിയുടെ ഉദ്ഘാടനം ഡിസംബര്‍ 4 ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് സഹമന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായി നിര്‍വ്വഹിക്കും. ജിഎഎഫ് സമാപന സമ്മേളനം ഡിസംബര്‍ അഞ്ചിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.
സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് മുഖ്യ രക്ഷാധികാരി.
സംസ്ഥാന ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്, ഗതാഗത മന്ത്രി ആന്‍റണി രാജു, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ശശി തരൂര്‍, എംപി, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ജിഎഎഫില്‍ പങ്കെടുക്കുന്ന മറ്റ് വിശിഷ്ടാതിഥികളാണ്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും സര്‍ക്കാര്‍തല ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ ജിഎഎഫിന്‍റെ ഭാഗമാകും.
ആയുര്‍വേദത്തെ ആഗോളവല്‍ക്കരിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍) തുടങ്ങിയ നൂതന സാങ്കേതികവിദ്യയുടെ സാധ്യതകളും സമ്മേളനം ചര്‍ച്ച ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ എക്സ്പോ പവലിയന്‍ ജിഎഎഫിന്‍റെ പ്രധാന ആകര്‍ഷണമാണ്. 2,50,000 ചതുരശ്രയടി വിസ്തൃതിയുള്ള പവലിയനില്‍ ആയുഷ് വകുപ്പിന്‍റെയും വിവിധ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 700 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. ദേശീയ ആരോഗ്യമേളയില്‍ വൈവിധ്യമാര്‍ന്ന ഔഷധ സസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെ എല്ലാ പ്രധാന ആയുഷ് സ്ഥാപനങ്ങളുടെയും സ്റ്റാളുകളുള്ള എക്സ്പോയില്‍ 20 ആയുര്‍വേദ കോളേജുകളുടെ പവലിയനുകളും ഉണ്ടാകും.
ആയുര്‍വേദ പ്രാക്ടീഷണര്‍മാര്‍, അക്കാദമിക-പൊതുജനാരോഗ്യ വിദഗ്ധര്‍, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 200-ലധികം പ്രമുഖ പ്രഭാഷകരാണുള്ളത്. ആയുര്‍വേദത്തിലെ പുതിയ പ്രവണതകള്‍, ആയുര്‍വേദവും പൊതുജനാരോഗ്യവും, യോഗയുടെയും ആയുര്‍വേദത്തിന്‍റെയും സംയോജനം, ആയുര്‍വേദത്തിന്‍റെ കോവിഡ് കാല ഇടപെടല്‍, കാന്‍സര്‍-ന്യൂറോളജിക്കല്‍ രോഗ ചികിത്സാ പരിപാടി തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധചര്‍ച്ച നടക്കും. വൃക്ഷായുര്‍വേദത്തെയും മൃഗായുര്‍വേദത്തെയും കുറിച്ചുള്ള സെമിനാറുകളും നടക്കും. 10 വേദികളിലായി 2000-ത്തിലധികം ശാസ്ത്ര പ്രബന്ധങ്ങള്‍ ജിഎഎഫില്‍ അവതരിപ്പിക്കും.
ആയുര്‍വേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം മീറ്റ് ജിഎഎഫിലെ മറ്റൊരു ആകര്‍ഷണമാണ്. ഇന്ത്യയിലെയും വിദേശത്തെയും 150 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഡിസംബര്‍ 3 ന് നടക്കുന്ന ബിടുബി മീറ്റില്‍ പങ്കെടുക്കുന്നത്. ലോകമെമ്പാടുമുള്ള ആയുര്‍വേദ പരിശീലകര്‍, ഗവേഷകര്‍ എന്നിവരുടെ ആഗോള നെറ്റ് വര്‍ക്കിംഗിന് വേദിയൊരുക്കുന്ന ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കോണ്‍ക്ലേവ് ജിഎഎഫിലെ പ്രധാന പരിപാടികളിലൊന്നാണ്.
ജിഎഎഫിന്‍റെ ഭാഗമായി ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സൗജന്യ ക്ലിനിക്കുകള്‍ എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. പ്രമുഖ ആയുര്‍വേദ ആശുപത്രികളിലെ മുഖ്യ ചികിത്സകര്‍ ഉള്‍പ്പെടെ 100 ആയുര്‍വേദ ഡോക്ടര്‍മാര്‍ 25 വ്യത്യസ്ത സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കും. 15 ലക്ഷം രൂപയുടെ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. ആയുര്‍വേദത്തിന്‍റെ രുചികള്‍ ആസ്വദിക്കാന്‍ അവസരം നല്‍കുന്ന ‘ആയുര്‍വേദ ആഹാര്‍’ ഫുഡ് കോര്‍ട്ടും മെഡിസിനല്‍ പ്ലാന്‍റ് ആന്‍ഡ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ മീറ്റും ജിഎഎഫിന്‍റെ പ്രത്യേകതകളാണ്.