കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സിറിയക് ജോൺ(90) അന്തരിച്ചു. മകൻ മനോജിന്റെ കോവൂരുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം.
1982 മുതൽ 83 വരെ കരുണാകരൻ മന്ത്രി സഭയിൽ കൃഷി വകുപ്പ് കൈകാര്യം ചെയ്തു. ഒരു തവണ കല്പറ്റയിൽ നിന്നും മൂന്നു തവണ തിരുവമ്പാടിയിൽ നിന്നും നിയമസഭയിലെത്തി. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു.
കോൺഗ്രസിലും എൻസിപിയിലും പ്രവർത്തിച്ച ജോൺ പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. കൽപറ്റയിൽ കെ.കെ. അബുവിനെ തോൽപിച്ചായിരുന്നു തുടക്കം. 1977ൽ തിരുവമ്പാടിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ജയിച്ചുകയറി. 1980ൽ ഇടതുമുന്നണിക്കൊപ്പം ആന്റണി കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു.
1982ൽ കോൺഗ്രസ്- ഐയിലേക്ക് തിരിച്ചുവന്ന് തിരുവമ്പാടിയിൽ ഹാട്രിക് നേടി. കെ. കരുണാകരന്റെ മന്ത്രിസഭയിൽ 15 മാസം മന്ത്രിയുമായി.
കോൺഗ്രസിൽ നിന്ന് തെറ്റി എൻസിപിയിലേക്ക് പോയ സിറിയക് ജോൺ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ, 2007ൽ ആയിരത്തോളം അനുയായികൾക്കൊപ്പം കോഴിക്കോട്ട് വച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോണ് താമരശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കെപിസിസി എക്സിക്യൂട്ടീവ് അംഗം കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻസിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു