മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതായി വാര്‍ത്ത. ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, രോഹിത് ശര്‍മ ടി20 ലോകകപ്പിലേക്ക് നായകനായി തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ടീം പ്രഖ്യാപനം സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പൊന്നും ഇതുവരെ വന്നിട്ടില്ല. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് രോഹിത് ടി20 കളിക്കുക.
ഏകദിന പരമ്പരയില്‍ നിന്ന് രോഹിത് വിട്ടുനില്‍ക്കും. പകരം കെ.എല്‍ രാഹുല്‍ ടീമിനെ നയിക്കും. ഏകദിന ടീമില്‍ രജത് പടീധാറിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ ടെസ്റ്റ് താരങ്ങളായ അജിന്‍ക്യ രഹാനെയും, ചേതേശ്വര്‍ പൂജാരയും ടീമില്‍ നിന്ന് പുറത്തായി. വിരാട് കോലിയെ നിശ്ചിത ഓവര്‍ പരമ്പരയിലേക്ക് പരിഗണിച്ചിട്ടില്ല. അദ്ദേഹം വിശ്രമം ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് വീതം ഏകദിന-ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. അടുത്ത മാസം 10ന് ടി20 പരമ്പരയോടെ പര്യടനം ആരംഭിക്കും.
ഏകദിന പരമ്പരയില്‍ നിന്ന് സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചു. ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, ആര് അശ്വിന് എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. കുല്‍ദീപ് യാദവിനെ ടി20 ടീമിലും ഉള്‍പ്പെടുത്തി. രഹാനെയെ പുറത്തിരുത്താനുള്ള തീരുമാനം ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ, ശ്രേയസിന് പരിക്കേറ്റപ്പോഴാണ് രഹാനെ ടീമിലെത്തിയിരുന്നത്. ശ്രേയസ് പൂര്‍ണ കായികക്ഷമത തിരിച്ചെടുത്തപ്പോള്‍ താരത്തെ ടീമിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു.
അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ക്യാപ്റ്റനായി തുടരാന്‍ ബിസിസിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ലണ്ടനില്‍ അവധി ആഘോഷിക്കുന്ന രോഹിത് മനസു തുറന്നിരുന്നില്ല. എന്നാല്‍ താരത്തെ നായകനാക്കിയതോടെ അടുത്ത ടി20 ലോകകപ്പില്‍ രോഹിത് നയിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു