അബൂദബി: എമിറേറ്റിലെ ഗതാഗതരംഗത്ത് മുന്നേറ്റത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ റെയിൽവേ പാതക്ക് കരാറായി. അൽദഫ്റ മേഖലയിലെ അൽദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഇതിനായി യു.എ.ഇയിലെ റെയില്‍ ശൃംഖല നിര്‍മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഇത്തിഹാദ് റെയിലും അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയും (അഡ്നോക്) കരാർ ഒപ്പുവെച്ചു.
അബൂദബിയില്‍നിന്ന് 250 കി.മീറ്ററോളം മാറി പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽദാനയില് ഏകദേശം 29,000 താമസക്കാരുണ്ട്. 1970കളിലാണ് ഗ്രാമീണ മരുഭൂ പ്രദേശമായ അൽദാനയുടെ പുരോഗതി തുടങ്ങിയത്. അഡ്നോക്കിന്റെ വ്യവസായ മേഖലയിലെ ജീവനക്കാരാണ് ഇവിടത്തെ താമസക്കാരിലധികവും.
കരാര്‍ പ്രാവര്‍ത്തികമായതോടെ അബൂദബിയിലേക്കും തിരിച്ചും അഡ്നോക് ജീവനക്കാര്‍ക്ക് ട്രെയിന്‍മാര്‍ഗം വന്നുപോകാനാവും. അഡ്നോക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, അഡ്നോക്ക് സി.ഇ.ഒയും വ്യവസായ മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ റെയിൽ പാതക്കായി കരാർ ഒപ്പിട്ടത്. കരാർ പ്രകാരം അൽ ദഫ്റ മേഖലയിലെ അൽദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല ഒരുക്കുന്നതിന് ഇരു സ്ഥാപനങ്ങളും സാങ്കേതികവിദ്യയും വൈദഗ്ധ്യവും വിവരങ്ങളും കൈമാറും. വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ചാലക ശക്തിയായി മാറുകയാണ് ഇത്തിഹാദ് റെയിലെന്ന് ചെയർമാൻ ശൈഖ് ദിയാബ് പറഞ്ഞു.
കാർബൻ വികിരണം കുറച്ച് യു.എ.ഇയുടെ നെറ്റ് 2045 എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പുതിയ റെയിൽ പദ്ധതിയെന്ന് മന്ത്രി ഡോ. സുൽത്താൻ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാതയുടെ നിർമാണം പൂർത്തിയാവുകയും ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് പാതയിൽ ആരംഭിക്കുമെന്ന് 2021ൽ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ അബൂദബിയില്‍നിന്ന് ദുബൈയിലേക്ക് 50 മിനിറ്റ് കൊണ്ടെത്തിച്ചേരാൻ വഴിയൊരുക്കും. ഈ സർവിസ് ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പദ്ധതിക്ക് കരാറായിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു