കുക്ഷോ ചിക്താൻ ജില്ലയിലെ ചരിത്രവും സംസ്ക്കാരവും ഒരു പോലെ കോർത്തിണങ്ങിയ ഗ്രമമാണ്. ഏകദേശം 20 വർഷം മുമ്പ് ഒരു കുടുംബത്തിലെ ബുദ്ധമതക്കാരും മുസ്ലീം അംഗങ്ങളും ഒരുമിച്ച് താമസിച്ചിരുന്നു. കാർഗിൽ ഉലമാക്കളുടെ പ്രശ്നങ്ങൾക്ക് ശേഷമാണ് ഇരു കുടുംബങ്ങൾ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ പിരിഞ്ഞു പോയത്.
ഇവിടെ മിശ്രവിവാഹം എന്നത് സർവ്വ സാധാരണമായിരുന്നു.നിരവധി ബുദ്ധ പെൺകുട്ടികൾ മുസ്ലീം കുടുംബങ്ങളിലും തിരിച്ചും വിവാഹിതരായിട്ടുണ്ട്. അങ്ങനെ പരസ്‌പര ബന്ധമുള്ള എല്ലാ കുടുംബങ്ങളും ഈ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലെ ഏറ്റവും ഉയരം കൂടിയ മലയുടെ അടുത്ത് ഏറ്റവും പഴയ മസ്ജിദ് കാണാൻ കഴിയും.
ഗ്രാമത്തിലെ ജനങ്ങൾ ഇപ്പോഴും എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിക്കുകയും അവരുടെ ആവശ്യങ്ങൾക്ക് പരസ്പരം സഹായിക്കുകയും ചെയ്യുന്നുണ്ട്.ഔറംഗസേബിന്റെ ഭരണകാലത്ത് കുക്ഷോയിലും സമീപ ഗ്രാമങ്ങളിലും ഇസ്ലാം അവതരിപ്പിച്ചതായി പറയപ്പെടുന്നു. ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ ആര്യന്മാരുടെ ആചാരപ്രകാരം ആളുകൾ അന്നും ഇന്നും ദേവതമാരെ ആരാധിക്കുന്നു. ആര്യന്മാരുടെ പിൻഗാമികൾ കൂടുതലും ആരാധിച്ചിരുന്നത്.അവരുടെ കുല ദൈവമായ ലാസ എന്ന ദേവിയെയാണ്. ബുദ്ധമതം സ്വീകരിച്ച കുറച്ചുപേർ തങ്ങളുടെ പരമ്പരാഗത ദൈവങ്ങളെയും ആരാധിക്കുന്നുണ്ട്.എ ഡി 800 ലാണ് ഈ ഗ്രാമം സ്ഥാപിക്കപ്പെട്ടത്.
കുക്ഷോയിൽ ചെന്നാൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് പരസ്പ്പര സ്നേഹത്തിന്റെയും,പങ്കാളിത്തത്തിന്റെയും മങ്ങാത്ത ഓർമ്മകളാണ്.