ആദ്യം ഒരു പാത്രത്തിലേക്ക് 1 കപ്പ് പുഴുക്കലരി എടുക്കുക. ചോറ് വെക്കുന്ന ഏത് അരിയും നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇനി ഇതിലേക്ക് വെള്ളമൊഴിച്ച് നാലഞ്ച് തവണ നല്ലപോലെ കഴുകി എടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ കുറച്ചധികം വെള്ളം ചൂടാക്കുക. എന്നിട്ട് അതിലേക്ക് അൽപം ഉപ്പ് ചേർക്കാം. ഉപ്പ് ചേർത്ത് അരി കുതിർക്കുകയാണെങ്കിൽ അരിയിലെ ചീത്ത മണം മാറുന്നതാണ്.
വെള്ളം ചൂടായി വരുമ്പോൾ തീ ഓഫാക്കി കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കാം. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇത് അടച്ചു വെച്ച് ഒരു മൂന്ന് മണിക്കൂർ മാറ്റിവെക്കുക. ചൂടു വെള്ളത്തിൽ അരി കുതിർക്കാൻ വെക്കുകയാണെങ്കിൽ അരി വേഗത്തിൽ കുതിർത്ത് കിട്ടുകയും അതു പോലെ അരിയിലെ പശപശപ്പ് മാറികിട്ടുകയും ചെയ്യും.
അടുത്തതായി ഒരു പാത്രത്തിലേക്ക് 1/4 കപ്പ് ഉഴുന്ന്, 1 tbsp പച്ചരി, 1/4 tsp ഉലുവ എന്നിവ ചേർക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ലപോലെ കഴുകി എടുക്കുക. അതിനുശേഷം ഇതിലേക്ക് നല്ലവെള്ളം ഒഴിച്ചു 2 മണിക്കൂർ അടച്ചുവെച്ച് ഫ്രിഡ്‌ജിൽ കുതിർക്കാൻ വെക്കാം. അടുത്തതായി കുതിർത്തെടുത്ത അരി ഊറ്റിയെടുത്ത് മിക്സിയുടെ ജാറിലേക്കിടുക.