മാനന്തവാടി: സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ നൈപുണ്യ പരിശീലനങ്ങളിലൂടെ കുറഞ്ഞ കാലയളവില്‍ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കി വിജയഗാഥ സൃഷ്ടിച്ചിരിക്കുകയാണ് മാനന്തവാടി അസാപ് കേരള കമ്യുണിറ്റി സ്കില്‍ പാര്‍ക്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ നേതൃത്വത്തിലാണ് പ്രാദേശികമായി അവസരങ്ങളും സാധ്യതകളുമുള്ള നൈപുണികളില്‍ പ്രത്യേക പരിശീലനം നല്കി വരുന്നത്. മാനന്തവാടി സ്കില്‍ പാര്‍ക്കില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 11 പേര്‍ക്ക് ജോലി ലഭിച്ചു. ടൂറിസം രംഗത്തെ ജോലികള്‍ക്കു വേണ്ടി അസാപ് കേരള മാനന്തവാടി സ്കില്‍ പാര്‍ക്കില്‍ ഉന്നതി ഒരുക്കിയ 35 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീനം പൂര്‍ത്തിയാക്കിയ 20 ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചു. മറ്റൊരു ഹ്രസ്വകാല കോഴ്സായ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് പൂര്‍ത്തിയാക്കിയ അഞ്ചു പേര്‍ക്കും ജോലി ലഭിച്ചു.
വലിയ സാധ്യതയുള്ള ഫിറ്റ്നസ് സര്ട്ടിഫിക്കേഷന് കോഴ്സിന് ലിംഗഭേദമില്ലാതെ നിരവധി ഉദ്യോഗാര്‍ത്ഥികളാണ് പരീശീലനത്തിനെത്തുന്നത്. വയനാട്ടിലെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കോഴ്സും അവതരിപ്പിച്ചത്. പിഎം കെവിവൈ സ്കില്‍ ഹബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സുകളില്‍ പരിശീലനം നല്‍കിയത്.
കൂടാതെ സന്നദ്ധ സംഘടനയായ ഉന്നതി, ടാറ്റാ പവര്‍ കണ്‍സല്‍ട്ടന്റ് ട്രസ്റ്റ് എന്നിവരുമായി ചേര്‍ന്ന് അസാപ് കേരള 35 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനവും സംഘടിപ്പിച്ചു വരുന്നു. കംപ്യൂട്ടര്‍ സ്കില്‍, അക്കൗണ്ടിംഗ് സ്കില്‍, കമ്മ്യൂണിക്കേഷന്‍ സ്കില്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ കോഴ്സ്. 18നും 25നുമിടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പരിശീലനത്തിന് ചേരാവുന്നതാണ്. നിരവധി ഉദ്യോഗാര്‍ത്ഥികളാണ് ഓരോ മാസവും ഈ കോഴ്സിനായി മാനന്തവാടി കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിലെത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921407294, 9495999615