ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഡിസംബര്‍ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌കാരം ഉള്‍പ്പെടെ നിര്‍ണായകമായ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക. ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ 18 ബില്ലുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ചട്ടം, എവിഡന്‍സ് ആക്റ്റ് എന്നിവക്ക് പകരമായി ലക്ഷ്യമിടുന്ന മൂന്ന് സുപ്രധാന ബില്ലുകളും ചര്‍ച്ച ചെയ്‌തേക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന ബിൽ.
പ്രതിപക്ഷത്തിന്റെയും മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ പാസാക്കിയിരുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണരുടെയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും പദവി കാബിനറ്റ് സെക്രട്ടറിയുടെ പദവിക്കൊപ്പം കൊണ്ടുവരുന്നതാണ് ബിൽ.
ജമ്മു കശ്മീര്‍ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 107-ല്‍ നിന്ന് 114 ആയി ഉയര്‍ത്തുന്ന ബില്ലാണ് മറ്റൊന്ന്. കശ്മീരി കുടിയേറ്റക്കാര്‍ക്കും പാക് അധീന കശ്മീരില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് ഇതെന്നാണ് വിശദീകരണം.
തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ചോദ്യത്തിന് കോഴ ആരോപണങ്ങളെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിൽ അവതരിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു