മലപ്പുറം: ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നതല്ലെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വേലിയേറ്റ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുമാറ്റിയതാണെന്ന് മന്ത്രി വിശദീകരിച്ചു. മലപ്പുറത്ത് നവകേരള സദസ്സില്‍ വച്ചായിരുന്നു മുഹമ്മദ് റിയാസിന്റെ വിശദീകരണം.
വ്യക്തിപരമായി എങ്ങനെ വേണമെങ്കിലും ആക്രമിച്ചോളൂ. പുഞ്ചിരിച്ചുകൊണ്ട് മുന്പോട്ട് പോകും. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ അസംബന്ധ പ്രചാരണങ്ങള്‍ നടത്തരുതെന്ന് മന്ത്രി പറഞ്ഞു.
ബ്രിഡിജ് തകർന്നു എന്ന വാർത്തയ്ക്കെതിരെ എന്‍.കെ അക്ബര്‍ എംഎല്‍എയും രംഗത്തെത്തി. സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ച ജാഗ്രതാ നിര്‍ദേശപ്രകാരം ഉയര്‍ന്ന തിരമാല ഉള്ളതിനാലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാന്‍ തീരുമാനിച്ചത് എന്നാണ് അക്ബർ എംഎൽഎ പറഞ്ഞത്. രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകള്‍ ശക്തമായിരുന്നതിനാല്‍ അഴിച്ചു മാറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ബീച്ചില്‍ വന്ന സഞ്ചാരികള്‍ക്ക് ഫ്ലോട്ടിങ് ബ്രിഡ്ജില്‍ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു. ശേഷം ഓരോ ഭാഗങ്ങളായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയത്.-എംഎല്‍എ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു