കൊല്ലം: ചവറയിൽനിന്ന് 17 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഇൻസ്പെക്ടർ എം.ദിനേശ് കുമാർ, കരുനാഗപ്പള്ളി അസി. പൊലീസ് കമ്മിഷണർ വി.എസ്.പ്രദീപ് എന്നിവർക്കെതിരെ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
2023 ഫെബ്രുവരി 21നാണ് പെൺകുട്ടിയെ കാണാതാകുന്നത്. കാണാതായ പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. എഫ്ഐആറിലെ നാലാം കോളത്തിൽ കേസ് സ്വമേധയാ എടുത്തതാണെന്ന് രേഖപ്പെടുത്തിയ പിശക് തിരുത്താൻ ഇൻസ്പെക്ടർ നടപടി സ്വീകരിച്ചില്ല. കാണാതായ പെൺകുട്ടിയെ തട്ടികൊണ്ടു പോയതാണെന്ന് അമ്മയുടെ മൊഴിയിൽനിന്ന് വ്യക്തമായിട്ടും ഐപിസി 363 വകുപ്പ് ചേർത്തില്ല.
പെൺകുട്ടിയുടെ വനിതാ സുഹൃത്തിന് കേസിൽ സുപ്രധാന പങ്കുണ്ടെന്ന് മൊഴിയിൽനിന്ന് മനസ്സിലാക്കിയിട്ടും സുഹൃത്തിന്റെ ഫോൺ രേഖകൾ ഇൻസ്പെക്ടർ പരിശോധിച്ചില്ല. പൊലീസ് സംഘം ശേഖരിച്ച വിവരങ്ങളും മൊഴികളും കണക്കിലെടുത്തില്ല. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് അജിംഷാ എന്നയാളുടെ സഹായത്തോടെയാണെന്ന് ബോധ്യം വന്നിട്ടും അജിംഷായുടെ മൊഴിയിലെ വസ്തുതകൾ പരിശോധിച്ചില്ല. അജിംഷായെ ചോദ്യം ചെയ്ത് 10 ദിവസത്തിനുശേഷമാണ് ഫോൺ രേഖകൾ പരിശോധിച്ചത്.
സംഭവത്തിൽ ഉൾപ്പെട്ട വിഷ്ണു എന്ന ആളുടെ മൊഴി ഗ്രേഡ് എസ്ഐ രേഖപ്പെടുത്തിയതിൽനിന്നും വിരുദ്ധമായാണ് കേസ് ഡയറിയിൽ ഉൾപ്പെടുത്തിയത്. വിഷ്ണുവിന്റെ മൊഴിയുടെ ആധികാരികത പരിശോധിച്ചില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്നവർ ആരാണെന്നു കണ്ടെത്താന്‍ ശ്രമിച്ചില്ല. സംഭവത്തിൽ ഉൾപ്പെട്ട അസ്ലമിനെ കാണാനില്ലെന്ന പിതാവിന്റെ പരാതി റജിസ്റ്റർ ചെയ്തില്ല. അസ്ലം സമാന സ്വഭാവമുള്ള മറ്റൊരു കേസിൽ പ്രതിയാണെന്ന് ബോധ്യമായിട്ടും തട്ടിക്കൊണ്ട് പോകല്‍ വകുപ്പുകൾ ചേർത്തില്ല. പൊലീസ് ആസ്ഥാനത്തുനിന്ന് മുൻപ് നൽകിയ നിർദേശങ്ങൾ പാലിച്ചില്ല.
കരുനാഗപ്പള്ളി എസിപിയുടെ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ചയുണ്ടായി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച, കൃത്യവിലോപം, ഉത്തരവാദിത്തമില്ലായ്മ, അച്ചടക്ക ലംഘനം, പൊലീസ് സേനയുടെ സൽപേരിനു കളങ്കം വരുത്തൽ തുടങ്ങിയ വീഴ്ചകളിലാണ് അന്വേഷണം. റിപ്പോർട്ട് ഡിജിപിക്ക് അടിയന്തരമായി സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു