കൊണ്ടോട്ടി: യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ലെന്നും അതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയിലെ നവകേരള സദസ്സ് പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ വന്നപ്പോള്‍, രണ്ടു മൂന്നാളുകള്‍ കരിങ്കൊടി വീശിയെന്നും താന്‍ അവരെ കൈവീശിക്കാണിച്ചെന്നും മുഖ്യമന്ത്രി കൊണ്ടോട്ടിയില്‍ പറഞ്ഞു.
പ്രതിഷേധമാകാമെന്നും എന്നാല്‍, ബസിന് മുന്നില്‍ ചാടി ജീവഹാനി വരുത്തരുതെന്നും അത് തടയുന്നത് മാതൃകാപരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാല്‍ അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും. തീവണ്ടിക്ക് മുന്നിൽ ചാടുന്നവരെ വലിച്ചു മാറ്റില്ലേ,അത് പോലെ മാറ്റിയതാണ്.സിപിഎം പ്രവർത്തകർ കാണിച്ചത് മാതൃകാപരമായ പ്രവർത്തനമാണ്.അത് തുടരണം.ബസിന് മുന്നിൽ ചാടിയവരെ രക്ഷിക്കാനാണ് അവര്‍ ശ്രമിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിൽ നടന്നത് സർവതല സ്പർശിയായ വികസനമാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ വലിയ മാറ്റം സംഭവിച്ചവെന്നും പ്രതിപക്ഷത്തിന് വിമർശനം ഉണ്ടെങ്കിൽ വേദിയിൽ തന്നെ ഉന്നയിക്കാമായിരുന്നു. അതിനുള്ള അവസരമാണ് ഇല്ലാതാക്കിയത്. എല്ലാ കക്ഷികളും കേരളത്തിന്‍റെ ആവശ്യം ഉന്നയിക്കാനാണ് ഉദ്ദേശിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.
നവകേരള സദസ്സിനെ ആക്ഷേപിക്കുന്നവര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എന്തെല്ലാം ആക്ഷേപങ്ങളാണ് വിളിച്ചു പറയുന്നത്. ഏതെല്ലാം തരത്തിലാണ്. ഈ സദസ്സിനെ അശ്ലീല സദസ്സ് എന്ന് വിളിച്ചു. സാധാരണ ഒരാള്‍ക്ക് അങ്ങനെ വിളിക്കാന്‍ പറ്റുമോ. നിങ്ങള്‍ എല്ലാം എന്ത് അശ്ലീലം കാണിക്കാനാണ് ഇവിടെ വന്നിട്ടുള്ളത്. അപമാനിക്കുകയല്ലേ. ആരെയാണ് അപമാനിക്കുന്നത്. ഞങ്ങളെയാണോ. ബഹുജനങ്ങളെ അല്ലേ. നാടിനെയല്ലേ. കേരളത്തെയല്ലേ. ഞങ്ങളെ അല്ലാലോ അപമാനിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു