ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി സമാധാന കരാറിൽ ഒപ്പുവച്ച് വിഘടനവാദി സംഘടനയായ യുഎൻഎൽഎഫ് (യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് മണിപ്പൂർ). ഇന്ന് ഡൽഹിയിൽ വച്ച് സംഘടന പ്രതിനിധികൾ കേന്ദ്ര സർക്കാരുമായി കരാറിൽ ഒപ്പുവെച്ചു. കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ മണിപ്പൂരിലെ യുഎൻഎൽഎഫ് അംഗങ്ങൾ ആയുധങ്ങൾ കേന്ദ്ര സേനയ്‌ക്ക് കൈമാറി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് വിവരം എക്‌സിലൂടെ പങ്കുവച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
”ഒരു ചരിത്രനേട്ടം പിന്നിട്ടിരിക്കുന്നു…യു.എൻ.എൽ.എഫ് സമാധാന കരാറിൽ ഒപ്പുവെച്ചതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ നിരന്തര പരിശ്രമത്തിൽ ഒരു പുതിയ അധ്യായം പൂർണമായിരിക്കുന്നു”-അമിത് ഷാ ട്വീറ്റ് ചെയ്തു.
മണിപ്പൂർ താഴ്വരയിലെ സായുധ ഗ്രൂപ്പായ യുഎൻഎൽഎഫ് അക്രമപാത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരികയാണ്. പുരോഗമനത്തിന്റെയും സമാധാനത്തിന്റെയും പാതയിൽ വരാനുള്ള അവരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അമിത് ഷാ എക്‌സിൽ കുറിച്ചു.
2000-ൽ അധികം സായുധ പോരാളികളുള്ള യുഎൻഎൽഎഫ് 1964 ലാണ് സ്ഥാപിച്ചത്. മണിപ്പൂരിനെ സ്വതന്ത്ര രാജ്യമാക്കണമെന്നുള്ള ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സംഘടനയ്‌ക്ക് കീഴിൽ മണിപ്പൂർ പീപ്പിൾസ് ആർമി എന്ന സംഘടനയും പ്രവർത്തിക്കുന്നു. അരംബം സമേന്ദ്രയാണ് സംഘടനയ്‌ക്ക് രൂപം നൽകിയത്. ഇന്ത്യയെ കൂടാതെ മ്യാൻമറിലും യുഎൻഎൽഎഫിന് വേരുകളുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു