യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ താപനില വരുംനാളുകളിൽ ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളായ അൽ ജൗഫ്, തബൂക്ക്, ഹാഇൽ തുടങ്ങിയ മേഖലയിൽ ഉപരിതല കാറ്റിന്റെ ശക്തി വർധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. അസീർ, അൽ ബാഹ, മക്ക എന്നീ മേഖലകളിലും സജീവമായ കാറ്റിനൊപ്പം മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കുന്നു.
ചില പ്രദേശങ്ങളിൽ ഇടിമിന്നലും അനുഭവപ്പെട്ടേക്കാം. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും റിയാദ്, അൽ ഖസീം മേഖലകളിലും താപനിലയിൽ കുറവ് വരുമെന്നും കേന്ദ്രം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ പരമാവധി താപനില 25-33 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. റിയാദിലും ജിദ്ദയിലും താപനില 33 ഡിഗ്രി സെൽഷ്യസും ദമ്മാമിൽ 29 ഡിഗ്രി സെൽഷ്യസും അബഹയിൽ 25 ഡിഗ്രി സെൽഷ്യസും മദീനയിൽ 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
നവംബർ അവസാനമായിട്ടും രാജ്യത്ത് പറയത്തക്ക രീതിയിൽ തണുപ്പ് എത്തിയിട്ടില്ല. ഡിസംബർ ആകുമ്പോഴേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ തണുത്ത കാലാവസ്ഥ അനുഭവപ്പെട്ടേക്കാം. അന്തരീക്ഷ ഊഷ്മാവും 20 ഡിഗ്രി സെൽഷ്യസിൽ താഴേക്ക് അടുത്ത മാസാവസാനത്തോടെ വരുമെന്നും പ്രതീക്ഷിക്കുന്നു. ഇപ്പോൾ പകൽസമയങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂടുതന്നെയാണ് അനുഭവപ്പെടുന്നത്.
മഴയടക്കമുള്ള കാലാവസ്ഥ മാറ്റങ്ങൾ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇടക്കിടെ അനുഭവപ്പെട്ടിട്ടും അന്തരീക്ഷം ചൂടായി തന്നെ നിലകൊള്ളുകയാണ്. എന്നാൽ, ചില ഭാഗങ്ങളിൽ ഇടക്കിടെയുണ്ടാകുന്ന മഴയും കാറ്റും തണുപ്പ് നിലനിർത്തുന്നുണ്ട്. പകലിന്റെ ദൈർഘ്യവും ഇപ്പോൾ കുറവാണ്. വരും ദിവസങ്ങളിൽ പതിയെ തണുപ്പ് കൂടുമെന്ന നിഗമനത്തിലാണ് കാലാവസ്ഥ നിരീക്ഷകർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു