റാസല്‍ഖൈമ: അതുല്യമായ മായക്കാഴ്ചകള്‍ ഒരുക്കി ഇരട്ട ഗിന്നസ് നേട്ടത്തോടെയാകും റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേല്‍ക്കുകയെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാകും ലോകത്തിന് മുന്നില്‍ റാസല്‍ഖൈമ ഒരുക്കുക. കഴിഞ്ഞ അഞ്ചു വര്‍ഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. പുതിയ കോറിയോഗ്രഫി ഘടകങ്ങളും സാങ്കേതികതകളും സമന്വയിപ്പിച്ചാണ് അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനുമിടയില്‍ നാലര കി.മീറ്റര്‍ കടല്‍തീരത്ത് പുതിയ റെക്കോഡുകളോടെ പ്രകാശവര്‍ണങ്ങളില്‍ കരിമരുന്ന് പ്രകടനം ഒരുക്കുക.
ഡിസംബര്‍ 31ന് നടക്കുന്ന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി ട്രീ ലൈറ്റിങ്, ക്രിസ്മസ് ഉല്ലാസ പരിപാടികള്‍ തുടങ്ങിയവ ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കും. കൂടുതല്‍ സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഡിസംബര്‍ 31ന് ഉച്ചക്ക് രണ്ടു മുതല്‍ പുതുവര്‍ഷദിനം പുലര്‍ച്ച രണ്ടു വരെ നീളുന്നതാകും മര്‍ജാന്‍ ദ്വീപിലെ പുതുവര്‍ഷാഘോഷം. യു.എ.ഇയിലെ മികച്ച കലാ കാരന്മാരുടെയും അവതാരകരുടെയും സാന്നിധ്യം സന്ദര്‍ശകരില്‍ ആവേശം നിറക്കുന്നതാകും. സൗജന്യ ഗാനവിരുന്ന്, കുട്ടികള്‍ക്ക് പ്രത്യേകം വിനോദ പരിപാടികള്‍, ഫുഡ് ട്രക്കുകള്‍, യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ സംതൃപ്തരാക്കുന്ന വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ തുടങ്ങിയവയും റാക് അല്‍ മര്‍ജാന്‍ ഐലൻഡില്‍ നടക്കുന്ന പുതുവര്‍ഷ രാവിനെ വേറിട്ടതാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു