അബൂദബി: വായുനിലവാരം മെച്ചപ്പെടുത്തുന്ന പുതിയ പദ്ധതിക്ക് അബൂദബി പരിസ്ഥിതി ഏജന്‍സി രൂപംനൽകി. മലിനീകരണം കൂടിയ മേഖലകള്‍ കണ്ടെത്തുന്നതിനും കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങള്‍ തടയുന്നതിനുമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. അബൂദബിയില്‍ ശുദ്ധമായ വായു ലഭ്യമാക്കുന്നതിനും വായു മലിനീകരണം കുറക്കുന്നതിനുമായാണ് വായുനിലവാര സംവിധാനം അബൂദബി പരിസ്ഥിതി ഏജന്‍സി വികസിപ്പിച്ചത്. നഗര വികസന പദ്ധതികളുടെ ആഘാതങ്ങള്‍ വിലയിരുത്തി പാരിസ്ഥിതിക നയനിര്മാണത്തിന് ഈ സംവിധാനം സഹായിക്കുമെന്ന് പരിസ്ഥിതി ഏജന്‍സി പറഞ്ഞു.
ഓരോ വര്‍ഷവും വിശദമായ വായു നിലവാര ഭൂപടങ്ങള്‍ പുറത്തുവിടാനും ഉയര്‍ന്ന മലിനീകരണം നടക്കുന്ന മേഖലകള്‍ തിരിച്ചറിയാനും ഇതു സഹായകമാവുമെന്ന് ഏജന്‍സി വ്യക്തമാക്കി. മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പരിസ്ഥിതി ഭീഷണിയാണ് വായു മലിനീകരണമെന്ന് പരിസ്ഥിതി ഏജന്‍സിയിലെ പാരിസ്ഥിതിക നിലവാര വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹമ്മാദി പറഞ്ഞു. ഇതു തടയുന്നതിനാണ് എയര്‍ ക്വാളിറ്റി മോഡലിങ് സിസ്റ്റം തങ്ങള്‍ വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 22 വായു നിരീക്ഷണ സംവിധാനങ്ങളാണ് അബൂദബിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 20 എണ്ണം സ്ഥിരമായി സ്ഥാപിച്ചിരിക്കുന്നതും 2 എണ്ണം സഞ്ചരിക്കുന്നതുമാണ്. വായു എത്രമാത്രം ആരോഗ്യപരമാണെന്ന് പരിശോധിക്കുന്നതിനായി 14 തരം മലിനീകരണങ്ങളെയാണ് എയര്‍ മോണിറ്ററുകള്‍ കണ്ടെത്തുക.
വന്യജീവി, പ്രകൃതിദത്ത ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് അബൂദബി പരിസ്ഥിതി ഏജന്‍സി പുതിയ നയം നേരത്തേ കൊണ്ടുവന്നിരുന്നു. അല്‍ സാദിയാത്ത് മറൈന്‍ നാഷനല്‍ പാര്‍ക്ക്, മാന്‍ഗ്രോവ് മറൈന്‍ നാഷനല്‍ പാര്‍ക്ക് എന്നിവയാണ് സംരക്ഷിത മേഖലാ നയത്തില്‍ ഉള്‍പ്പെടുത്തിയത്. അല്‍ ദഫ്റയിലെ ഹൂബറ സംരക്ഷിത മേഖലയും അല്‍ യാസത് മറീന സംരക്ഷിത മേഖലയിലെ പവിഴപ്പുറ്റുകളും ഈ നയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഈ മേഖലക്ക് സമീപമുള്ള പ്രദേശങ്ങളിലെ പദ്ധതികളും മറ്റും തുടങ്ങണമെങ്കില്‍ പാരിസ്ഥിതി ആഘാത പഠനം നടത്തുകയും പുതിയ നയപ്രകാരം പരിസ്ഥിതി ഏജന്‍സിയില്‍നിന്ന് ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്യണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു