കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പോലീസിനടക്കം നിര്‍ദേശങ്ങള്‍ നല്‍കി. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സംഭവം അറിഞ്ഞതുമുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കുട്ടിയുടെ വീട്ടിലേക്ക് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് കുഞ്ഞിനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
6 വയസ്സുകാരിക്കായി സംസ്ഥാനം മുഴുവൻ പരിശോധന നടത്താൻ നിർദേശം നൽകിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ത്വരിതഗതിയിൽ നടക്കുകയാണ്. കാണാതായ 6 വയസ്സുകാരിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുട്ടിയ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് എത്തിയ കോൾ സംബന്ധിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കൊട്ടാരക്കര എംഎൽഎ ഗണേഷ് കുമാര്‍ പറഞ്ഞു. അത് പരിശോധിച്ച് വരികയാണ്. ഫോൺ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധനകൾ നടക്കുകയാണ്. ഡിവൈഎസ്പിയും എസ്പിയും സ്റ്റേഷനിൽ തന്നെയുണ്ടെന്നു ഗണേഷ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു