മലപ്പുറം: മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്മെന്റ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ നിര്‍ത്തിയത്. പൊന്നാനിയില്‍നിന്നും എടപ്പാളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന ബസ്സും വാഹനവ്യൂഹവും കടന്നുപോകുന്ന സമയത്താണിത്.
നേരത്തെ, സമാനമായസംഭവം ഉണ്ടായപ്പോള്‍ കുട്ടികളെ ഇത്തരത്തില്‍ അഭിവാദ്യം ചെയ്യാനായി കൊണ്ടുവരേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളെ ഇത്തരം ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകരുതെന്ന് ഹൈക്കോടതിയും പറഞ്ഞു. നവകേരള സദസ്സിലേക്ക് സ്കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാനുള്ള നിര്‍ദേശവും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് പുതിയസംഭവം.
സ്കൂള്‍ കുട്ടികളെ നവകേരളാ സദസില്‍ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡി ഡി ഇയുടെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ ചൂഷണം ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പരാമര്‍ശിച്ച കോടതി ഡിഡിഇയുടെ ഉത്തരവിനെതിരായ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മലപ്പുറം എടപ്പാളിലെ തുയ്യം ഗവണ്മെന്റ് എല്‍ പി സ്കൂളിലെ കുട്ടികളെ റോഡിലിറക്കി നിര്‍ത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു