കൊച്ചി: കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ദീപക് കുമാർ സാഹുവിനെ മാറ്റി. അന്വേഷണവിധേയമാണ് നടപടി. അപകടം അന്വേഷിക്കാനുള്ള സിൻഡിക്കേറ്റിന്റെ അന്വേഷണ സമിതിയില്‍ നിന്ന് സ്റ്റുഡന്‍റ്സ് വെല്‍ഫെയർ ഡയറക്ടർ പി കെ ബേബിയെയും മാറ്റിയിട്ടുണ്ട്.
പരിപാടിയിൽ കൃത്യമായ സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദീപക് കുമാർ സാഹു രജിസ്ട്രാർക്ക് നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ല. കത്ത് രജിസ്ട്രാർ പൊലീസിന് നൽകിയോ എന്നതിലും വ്യക്തതയില്ല. ഈ കത്ത് പുറത്തു വന്ന സാഹചര്യത്തിൽ കൂടിയാണ് സാഹുവിനെ മാറ്റിയിരിക്കുന്നത്.
തിക്കിലും തിരക്കിലുംപ്പെട്ട് നാലുപേര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചതായി വി.സി. ഡോ.പിജി.ശങ്കരന്‍ പറഞ്ഞു. കെ.കെ.കൃഷ്ണകുമാര്‍ (കണ്‍വീനര്‍), ഡോ.ശശിഗോപാലന്‍, ഡോ.ലാലി എന്നിവരാണ് സമിതിഅംഗങ്ങള്‍.
അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ സാഹുവിനോട് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടത്. ഈ നിര്‍ദേശം അദ്ദേഹം സ്വീകരിച്ചതായും വി.സി പറഞ്ഞു.
”ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് വെള്ളിയാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. അപകടത്തിലേക്കും മരണത്തിലേക്കും നയിച്ച കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ സമാനമായ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാവും. അപകടത്തില്‍ പരിക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ് യൂണിവേഴ്‌സിറ്റി വഹിക്കും”- വി.സി. അറിയിച്ചു. ക്യാമ്പസില്‍ സേഫ്റ്റി ഓഡിറ്റ് നടത്താനും തീരുമാനിച്ചതായും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളനുസരിച്ച് മാത്രമേ പരിപാടികള്‍ നടത്താന്‍ അനുവദിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു