കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി എറണാകുളം പറവൂരിലും സ്‌കൂളിന്റെ മതിൽ പൊളിക്കാൻ നീക്കം. മതിൽ പൊളിക്കുന്നതിനെതിരെ നഗരസഭ അധ്യക്ഷ ബീന ശശിധരൻ നോർത്ത് പറവൂർ തഹസിൽദാർക്ക് കത്ത് നൽകി. സ്‌കൂളിന്റെ മതിൽ പൊളിക്കണമെന്ന് നഗരസഭാ സെക്രട്ടറി വാക്കാലാണ് നിർദേശം നൽകിയത്.
വാഹനങ്ങൾ അകത്ത് കടക്കുന്നതിന് സ്‌കൂളിന്റെ ചുറ്റുമതിലിൽ നിന്നും കുറച്ച് ഭാഗങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു നിർദേശം. ഇതിനെതിരെയാണ് നഗരസഭാധ്യക്ഷയുടെ നടപടി. മതിൽ പൊളിക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നടക്കം പ്രതിഷേധവുമുണ്ട്. സ്‌കൂൾ മതിൽ പൊളിക്കാനനുവദിക്കില്ല എന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.
നേരത്തേ പെരുമ്പാവൂർ ഗവ.ബോയ്‌സ് സ്‌കൂളിന്റെ മതിൽ പൊളിക്കാനും സംഘാടകർ നഗരസഭയ്ക്ക് നിർദേശം നൽകിയിരുന്നു. മതിലും സ്റ്റേജും കൊടിമരവുമുൾപ്പടെ പൊളിക്കാനാണ് നിർദേശം നൽകിയത്.
പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമിക്കാമെന്നും വാഗ്ദാനം നൽകി. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു