അബൂദബി: യാസ് മറീന സർക്യൂട്ടിൽ ഞായറാഴ്ച വൈകീട്ട് നടന്ന അബൂദബി ഗ്രാൻഡ് പ്രീയുടെ ഫൈനലിൽ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ ജേതാവായി. 26 പോയന്റോടെയാണ് ഡച്ച് താരം ചാമ്പ്യനായത്. ഫെരാരിയുടെ ചാൾസ് ലെക്ലർക്കിനെ (18 പോയന്റ്) 10 സെക്കൻഡിന് പിന്നിലാക്കിയാണ് മാക്സ് വെർസ്റ്റാപ്പൻ കിരീടം ചൂടിയത്. സീസണിലെ 19ാം ജയം വെർസ്റ്റാപ്പൻ ഇതിലൂടെ സ്വന്തമാക്കി.
സീസണിൽ 1000 ലാപ്പുകൾ ലീഡ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യ ഡ്രൈവർ എന്ന ഖ്യാതിയും വെർസ്റ്റാപ്പൻ പേരിൽ ചേർക്കുന്നതിന് യാസ് മറീന സർക്യൂട്ട് സാക്ഷ്യം വഹിച്ചു. മെഴ്സിഡസിന്റെ ജോർജ് റസ്സൽ (15 പോയന്റ്) മൂന്നാമതും റെഡ് ബുളിന്റെ സെർജിയോ പെരസ് (12 പോയന്റ്) നാലാമതും ആസ്റ്റൻ മാർട്ടിന്റെ ലാൻഡോ നോറിസ് അഞ്ചാമതും(10 പോയന്റ്) ഫിനിഷ് ചെയ്തു. സെർജിയോ പെരസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിൽ മത്സരത്തിനിടെ ലാൻഡോ നോറിസിന്റെ വാഹനവുമായി കൂട്ടിയിടിച്ചതിന് 5 സെക്കൻഡ് പെനാൽറ്റി നൽകിയതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
അബൂദബി ഗ്രാൻഡി പ്രീയുടെ ഫൈനലിനോടനുബന്ധിച്ച് കാണികൾക്ക് പരിപാടിയുടെ മുഖ്യ സ്പോൺസറായ ഇത്തിഹാദ് എയർവേസും യു.എ.ഇയുടെ ഏറോബാറ്റിക് ടീമായ അൽ ഫുർസാൻ അൽ ഇമാറാത്തും ദൃശ്യവിരുന്നൊരുക്കി. ഫൈനൽ തുടങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു വിമാനങ്ങൾ താഴ്ന്നുപറന്ന് അഭ്യാസം കാട്ടിയത്. ഗ്രാൻഡ്പ്രീ ഫൈനലിനൊപ്പം ഇത്തിഹാദ് എയർവേസ് തങ്ങളുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്നു എന്ന പ്രത്യേകതകൂടി ഇത്തവണയുണ്ടായിരുന്നു. യാസ് മറീന സർക്യൂട്ടിന് കേവലം 600 അടി മുകളിൽകൂടിയാണ് ഇത്തിഹാദ് എയർവേസിന്റെ ബോയിങ് 787 ഡ്രീംലൈനർ പറന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു