പ്രവാസികളുടെ ഗൃഹാതുര ഓർമകളിൽ ഒഴിച്ചുകൂടാനാവാത്തതാണ് കത്തുകൾ. ആഴ്കളും മാസങ്ങളും പിന്നിട്ട് നാട്ടിൽ നിന്നെത്തുന്ന ഒരു കത്തിലെ പരിമിതമായ വാചകങ്ങളിലൂടെ മാത്രം വിശേഷങ്ങറിഞ്ഞ കാലം അതിവിദൂരത്തെല്ലാതെ എല്ലാവരുടെയും സ്മരണകളിലുണ്ട്.
അക്കാലത്ത് കത്ത്പാട്ടുകളും കത്ത് പെട്ടികളും വളരെയേറെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. വിരഹത്തിന്റെ വേദനകള്‍ വരികളായി പിറക്കുന്നതായിരുന്നു ഒരുകാലത്തെ പ്രവാസിക്കത്തുകള്. അങ്ങേത്തലക്കല്‍ നിന്നുള്ള വിശേഷങ്ങളുടെ വരികള്‍ക്കായി കാത്തിരുന്ന ഒരു തലമുറ മുമ്പ് കടന്നുപോയിട്ടുണ്ട് എന്നത് ഇന്ന് ചരിത്രമാണ്.
കത്തും, കത്ത് പെട്ടിയും, പോസ്റ്റുമാനും കഴിഞ്ഞുപോയ ഒരു ജനതയെ വല്ലാതെ സ്വാധീനിച്ചിരുന്നു എന്നത് പുതുതലമുറക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വിസ്മയങ്ങളില്‍ ഒന്നായിരിക്കും. കത്തെഴുത്തുകാരന്‍ ഒരു തലക്കല്‍ നിന്ന് കത്ത്പെട്ടിയില് പോസ്റ്റ് ചെയ്യുന്ന അക്ഷരങ്ങളുടെ നിധി ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞായിരിക്കും മറുതലക്കല്‍ കിട്ടുന്നത്.
വരികള്‍ക്കിടയിലൂടെ പറഞ്ഞുപോയ വിശേഷങ്ങള്‍ക്കും വിവരങ്ങള്‍ക്കും അപ്പോഴേക്കും ഒരു പക്ഷെ പ്രസക്തി തന്നെ നഷ്ടപ്പെട്ട് പോയിട്ടുണ്ടാകാം. എന്നിരുന്നാലും ആ വരികൾക്ക് മനസ് നിറക്കാനുള്ള മാസ്മരികതയുണ്ടായിരുന്നു. എത്രയെത്ര സന്തോഷങ്ങളും സന്താപങ്ങളും വേദനകളും വിശേഷങ്ങളുമാണ് ഈ വരികള്‍ക്കിടയിലൂടെ കൈമാറി കടന്നുപോയത്.
എത്രയോ മനുഷ്യര്‍ മറക്കാതെ നാവിന്തുമ്പില് കൊണ്ട് നടന്ന അക്കങ്ങളായിരുന്നു അവരുടെ പോസ്റ്റ് ബോക്സ് നമ്പര്‍. പ്രിയപ്പെട്ടവരുടെ കെട്ടുകണക്കിന് എഴുത്തുകളുമായാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് പോയിരുന്നതും തിരിച്ചു വന്നിരുന്നതും. തിരിച്ചു വരുന്ന പ്രവാസികള്‍ പരമാവധി എഴുത്തുകള്‍ ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചു നല്‍കുമെങ്കിലും കഴിയാത്തത് പോസ്റ്റ് ചെയ്യുകയായിരുന്നു പതിവ്.
ഇങ്ങിനെ പോസ്റ്റ് ചെയ്യുന്ന എഴുത്തുകള്‍ അവസാനം എത്തിച്ചേരുക ഏതെങ്കിലും ഒരു എഴുത്തുപെട്ടിയിലാകും. ആ എഴുത്തുപെട്ടിയാകട്ടെ കിട്ടേണ്ട വ്യക്തിയില്‍ നിന്നും ഒരു പക്ഷേ കിലോമീറ്ററുകള്‍ക്ക് അപ്പുറവുമായിരിക്കും. വാഹന സൗകര്യമുള്ള വ്യക്തികള്‍ ആ വഴിക്ക് പോകുമ്പോള്‍ എടുത്ത് കൊണ്ട് വന്നാലാണ് കത്തും പ്രതീക്ഷിച്ചിരിക്കുന്ന വേഴാമ്പലിന് സായൂജ്യമടയാനാവുക. ഈ പെട്ടിയുമായി ബന്ധപ്പെട്ട് അനവധി വിഷയങ്ങളാണ് ഓരോ മുൻകാല പ്രവാസിക്കും പങ്കുവെക്കാനുണ്ടാവുക.
പ്രവാസ ലോകത്തെ പഴയകാല ഗ്രാമ പ്രദേശങ്ങളില്‍ പലയിടങ്ങളിലും കാണാവുന്ന സംഗതിയായിരുന്നു ചുവന്ന നിറത്തിലുള്ള ഈ എഴുത്തുപെട്ടി. ലോകം നൂതന സാങ്കേതികവിദ്യയിലേക്ക് മാറിയതോടെ കത്തെഴുത്തിന് അറുതി വന്നു എന്നുതന്നെ പറയാം. സമൂഹം ഇലക്ട്രോണിക് യുഗത്തിന് വഴിമാറിയപ്പോള്‍ ആശയവിനിമയവും വഴിമാറി. ആധുനികലോകത്ത് സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ കത്തെഴുത്തും കുത്തൊഴുക്കില്‍പ്പെട്ട് പോയി.
കത്തെഴുത്തിന്റെ ആളും ആരവവും ഒഴിഞ്ഞുപോയപ്പോള്‍ ഉപകരണങ്ങളും കാലത്തിന് വഴിമാറി. പോസ്റ്റോഫീസുകള്‍ പലതും പുതിയ കാലക്രമത്തിനനുസരിച്ച് പുതിയ തലങ്ങള്‍ തേടിപ്പോയപ്പോള്‍ തപാല്‍പ്പെട്ടിക്കു പക്ഷേ പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. കാലത്തിന്റെ ഗതിയില്‍ കടപുഴകിപ്പോകാനേ ഈ ചരിത്ര സ്തൂപത്തിന് കഴിഞ്ഞുള്ളു.
ആധുനിക സമൂഹത്തിന് മുന്നില്‍ ഉപയോഗശൂന്യമായി നില്ക്കുന്ന എഴുത്തുപെട്ടികളും കാല ചരിത്രത്തിലേക്ക് മറയുകയാണ്. ഒരു ജനതയുടെ സ്വപ്നങ്ങളുടെ ചരിത്രവും പേറി. ഒരു കാലഘട്ടത്തിന്റെ ഹൃദയമിടിപ്പായിരുന്ന എഴുത്തുപെട്ടികള്‍ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. ഭാഷ, ദേശ, വര്‍ഗ്ഗ, വര്‍ണ്ണ വിത്യാസങ്ങളില്ലാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് തണലായിരുന്ന എഴുത്ത് പെട്ടിയാണ് ഇവിടെ കാലത്തിന്റെ ഗതിക്ക് വഴി മാറുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു