ദുബൈ: വീണ്ടുമൊരിക്കൽ കൂടി ലോകം ദുബൈയുടെ എക്സ്പോ സിറ്റിയിലേക്ക് ഒഴുകിയെത്തുകയാണ്. എക്സ്പോ 2020 ദുബൈ എന്ന, ആഗോള മഹാമേളയുടെ അവസരത്തിൽ ആഘോഷത്തിനും പരസ്പര പങ്കുവെക്കലിനുമായാണ് ജനങ്ങളെത്തിയതെങ്കിൽ, ഇത്തവണ ലോകം ഉറ്റുനോക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി(കോപ് 28)ക്കായാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭൂമിയുടെ ഭാവിയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും ചിന്തിക്കാനും സംവദിക്കാനുമെത്തുന്നവർക്ക് നിരവധി സംവിധാനങ്ങളാണ് അധികൃതർ ഒരുക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഒരുപക്ഷേ ‘സുസ്ഥിരതാ ഭവനം’ എന്ന പ്രദർശനമായിരിക്കും.
അൽ വസ്ൽ പ്ലാസക്ക് സമീപത്തായി വിശ്വമേളയിൽ യു.എ.ഇ പവലിയനായി പ്രവർത്തിച്ച കേന്ദ്രമാണ് സുസ്ഥിരതയുടെ പാഠങ്ങൾ പകരാനായി ഒരുക്കിയിട്ടുള്ളത്. സുസ്ഥിര ഭാവിക്കായി മുന്നേറുള്ള യു.എ.ഇയുടെ പദ്ധതികളും ചരിത്രവുമാണ് പവലിയനിൽ പ്രദർശിപ്പിക്കുന്നത്.
കോപ് 28ന്റെ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന പ്രദർശനമായതിനാൽ എല്ലാവർക്കും പ്രവേശനം ലഭിക്കും. ‘ഹൗസ് ഓഫ് സസ്റ്റൈനബിലിറ്റി’ ഡിസംബർ 3 മുതൽ ഡിസംബർ 12 വരെയാണ് തുറന്നുപ്രവർത്തിക്കുക. സന്ദർശകർക്ക് മൾട്ടിസെൻസറി അനുഭവം നൽകുന്ന രീതിയിൽ നൂതന സംവിധാനങ്ങളുപയോഗിച്ചാണ് എക്സിബിഷൻ സജ്ജീകരിച്ചിട്ടുള്ളത്.
യു.എ.ഇ ഭാവിയിൽ നെറ്റ്-സീറോ ലക്ഷ്യങ്ങൾ കൈവരിക്കാൻ തയ്യാറാക്കിയ പദ്ധതികളെ കുറിച്ചും പരിസ്ഥിതിയുടെ ചരിത്രവുമാണ് ഇവിടെ പ്രദർശിപ്പിക്കുക. സുസ്ഥിരത ഒയാസിസ്, കൂട്ടായ പുരോഗതിയുടെ യാത്ര, സുസ്ഥിരമായ വളർച്ചയുടെ ഭാവി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് പ്രദർശനം വിന്യസിക്കുക.
സുസ്ഥിരത ഒയാസിസ് ഭാഗത്ത് പൊതു പരിപാടികൾ ഈ ദിവസങ്ങളിൽ അരങ്ങേറും. സന്ദർശകർക്ക് കാർബൺ പുറന്തള്ളൽ കുറക്കാൻ സഹായിക്കുന്ന തത്വങ്ങൾ പഠിക്കാൻ പ്രദർശനം സന്ദർശിക്കുന്നനതിലൂടെ സാധിക്കും. നിത്യ ജീവിതം പരിസ്ഥിതിക്ക് അനുകൂലമായ രീതിയിൽ മാറ്റിപ്പണിയുന്നതിന് ആവശ്യമായ പാഠങ്ങൾ പകരുന്ന സെഷനുകളുമുണ്ടാകും.
ഭാവിയെ കുറിച്ച തങ്ങളുടെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കാനും ഇവിടം വേദിയാകും. ഉച്ചകോടി വേദിയിലെ സുസ്ഥിരതാ ഭവനം ആശയങ്ങൾ പങ്കുവെക്കാനും സംവാദത്തിനുമുള്ള മികച്ച വേദിയായിരിക്കുമെന്ന് യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി മർയം ബിൻത് മുഹമ്മദ് അൽ മുഹൈരി പറഞ്ഞു.
ഭൂതകാലത്തിൽ നിന്ന് നമുക്ക് ഭാവിയിലേക്ക് പലതും പഠിച്ചെടുക്കാനുണ്ട്. അതുപോലെ നമുക്കുചുറ്റും നിരവധി കാര്യങ്ങൾ തിരിച്ചറിയപ്പെടേണ്ടതായുമുണ്ട്. സുസ്ഥിരതാ ഭവനത്തിൽ സന്ദർശകരെത്തുമ്പോൾ അവർക്ക് അറിയാനും മനസിലാക്കാനും ജീവിതത്തിൽ പാലിക്കാനും നിരവധി കാര്യങ്ങളുണ്ടാകും -അവർ കൂടിച്ചേർത്തു.
ഹൗസ് ഓഫ് സസ്റ്റൈനബിലിറ്റിയിൽ പ്രവേശിക്കാൻ, ഗ്രീൻ സോണിലേക്ക് പ്രവേശനത്തിന് രജിസ്റ്റർ ചെയ്താൽ മതിയാകും. ലോക നേതാക്കൾ, മന്ത്രിമാർ, ചർച്ചകൾ, പരിസ്ഥിതി ആക്ടിവിസ്റ്റുകൾ, വ്യവസായ മേധാവികൾ എന്നിവർ കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര കർമ്മ പദ്ധതി വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി സമ്മേളനത്തിൽ എത്തിച്ചേരുന്നുണ്ട്.
ഉച്ചകോടിയുടെ ആദ്യ മൂന്ന് ദിവസം പ്രതിനിധികൾക്ക് മാത്രമായിരിക്കും പ്രവേശനം. ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന പ്രധാന നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി ഇതിൽ ഉൾപ്പെടും.
പരിപാടിയിൽ 85,000 പ്രതിനിധികളും 5,000ത്തിലധികം മാധ്യമ പ്രതിനിധികളും പങ്കെടുക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ സമയത്ത് എക്സ്പോ സിറ്റി ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിക്കും. ബ്ലൂ സോൺ പൂർണമായും യു.എൻ തന്നെയാണ് നിയന്ത്രിക്കുക.
സർക്കാർ പ്രതിനിധികൾ, മാധ്യമങ്ങൾ എന്നിവക്കാണ് ഈ മേഖലയിൽ പ്രവേശനം ലഭിക്കുന്നത്. അൽ വസ്ൽ പ്ലാസയും വിവിധ സമീപ കെട്ടിടങ്ങളും ഈ സോണിലാണ് ഉൾപ്പെടുന്നത്. ഒരു ദിവസം 70,000 പേർ വരെ സൈറ്റ് സന്ദർശിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടികൾ, ഇവന്റുകൾ, ഷോകൾ എന്നിവ ഉച്ചകോടിയുടെ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബർ 30 മുതൽ ആരംഭിക്കുന്ന ഉച്ചകോടി ഡിസംബർ 12 വരെയാണ് നീണ്ടുനിൽക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു