ഷാർജ: പ്രീമിയർ ഇന്റർനാഷണൽ ടെക്സ്റ്റൈൽ പ്രദർശനത്തിന് നവംബർ 28ന് ഷാർജയിലെ എക്സ്പോ സെന്ററിൽ തുടക്കമാക്കും. തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളെ ഒന്നിച്ച് കൊണ്ടു വരുന്ന പ്രദർശനത്തിൽ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും പ്രദർശനത്തിനെത്തുന്നുണ്ട്.
നവംബർ 30 വ്യാഴാഴ്ച വരെയാണ് പ്രദർശനം. ഫെഡറേഷൻ ഓഫ് ഗുജറാത്ത് വീവർ വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യ (ഫോഗ്വ) നേതൃത്വം നൽകുന്ന ഇന്ത്യൻ പവിലിയനിൽ ദുബൈ ആസ്ഥാനമായുള്ള മൊത്തവ്യാപാര വസ്ത്ര വ്യാപാരികളുടെ കൂട്ടായ്മയായ ടെക്സ്റ്റൈൽ മർച്ചന്റ്സ് ഗ്രൂപ്പിന്റെ(ടെക്സ്മാസ്) പിന്തുണയോടെ 60-ലധികം എക്സിബിറ്റർമാർ പങ്കെടുക്കും.
യു.എ.ഇയും ഇന്ത്യയും തമ്മിലെ വ്യാപാരത്തിന്റെ പ്രധാന ഘടകമാണ് ടെക്സ്റ്റൈൽ മേഖലയെനും വൈബ്രന്റ് ടെക്സ്റ്റൈൽ എക്സ്പോ ഇന്ത്യയുടെ ടെക്സ്റ്റൈൽ വ്യവസായത്തിലേക്ക് പുതിയ ജാലകം തുറക്കുമെന്ന് ഫോഗ്വ ചെയർമാൻ അശോക് ജരിവാല പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പരുത്തിയും ചണവും ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഏറ്റവും വലിയ പട്ടുനൂൽ ഉൽപ്പാദകരിൽ രണ്ടാം സ്ഥാനവും സാങ്കേതിക തുണിത്തരങ്ങളുടെ അഞ്ചാമത്തെ വലിയ ഉൽപ്പാദകരുമാണ് രാജ്യം. ലോകത്തിലെ കൈത്തറി തുണിത്തരങ്ങളുടെ 95ശതമാനം വരുന്നത് ഇന്ത്യയിൽ നിന്നാണ്.
സമീപകാല റിപ്പോർട്ടുകൾ പ്രകാരം, യു.എ.ഇയുടെ വസ്ത്ര ഇറക്കുമതിയിൽ ഇന്ത്യക്ക് നിലവിൽ 43ശതമാനം വിഹിതമുണ്ട്. പ്രദർശനത്തിൽ നൂൽ, തുണിത്തരങ്ങൾ, യന്ത്രങ്ങൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെക്സ്റ്റൈൽസ്, ഫാഷൻ, നിർമ്മാണം തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് സന്ദർശകരെ പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു