ഭോപ്പാൽ: അനധികൃത മണൽ ഖനനം തടയാനെത്തിയ റവന്യൂ സംഘത്തിലെ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റിക്കൊന്നു. മധ്യപ്രദേശിലെ ഷാഹ്ദോൽ ജില്ലയിലെ ഗോപാൽപൂർ പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. സോൻ നദിയിൽ നിന്നുള്ള അനധികൃത മണ്ണെടുപ്പ് തടയാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രസൻ സിങ് എന്ന പട്വാരി (പ്രാദേശിക റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ട്രാക്ടർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
‘അനധികൃതമായി ഖനനം ചെയ്ത മണൽ കടത്തുകയായിരുന്ന ട്രാക്ടർ ട്രോളികൾ തടയാനായി പട്വാരി പ്രസൻ സിങ് അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സംഘം സോൻ നദിക്ക് സമീപം എത്തുകയായിരുന്നു. ഈ സമയം ഒരു ട്രാക്ടർ ട്രോളി മണലുമായി പോവാനൊരുങ്ങുന്നത് സിങ് കണ്ടു. ഇത് തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ ഇടിച്ചിട്ട് വാഹനം മുകളിലൂടെ ഓടിച്ചുപോവുകയായിരുന്നു’- ഡിയോലൻഡ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജ്കുമാർ മിശ്ര പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സിങ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കൊലയാളിയായ ഡ്രൈവർ വാഹനവുമായി സ്ഥലത്തുനിന്നും രക്ഷപെടുകയും ചെയ്തു. സംഭവമറിഞ്ഞ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും 25കാരനായ ശുഭം വിശ്വകർമയാണ് ട്രാക്ടർ ഡ്രൈവറെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ഞായർ രാവിലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഷഹ്ദോൾ പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് പറഞ്ഞു.
read also…ബീഹാറിൽ മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടി; 20-കാരൻ അറസ്റ്റില്
പ്രതിക്കെതിരെ ഐപിസി 302 (കൊലപാതകം) വകുപ്പ് ചുമത്തി കേസെടുത്തതായും അദ്ദേഹം അറിയിച്ചു. മൈഹാർ ജില്ലക്കാരനാണ് പ്രതിയായ ശുഭം വിശ്വകർമ. ട്രാക്ടർ പൊലീസ് പിടിച്ചെടുക്കുകയും ഉടമയെ തിരിച്ചറിയുകയും ചെയ്തു. അനധികൃത മണൽ ഖനനത്തെക്കുറിച്ചുള്ള പരാതികളെ തുടർന്ന് നവംബർ 23ന് റവന്യൂ, ഖനന വകുപ്പുകളുടെയും പൊലീസിന്റെയും സംയുക്ത സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നതായി ജില്ലാ കലക്ടർ വന്ദന വൈദ്യ പറഞ്ഞു. തുടർന്ന്, ബിയോഹാരി സബ് ഡിവിഷണൽ മജിസ്ട്രേറ്റും മറ്റ് ഉദ്യോഗസ്ഥരും ശനിയാഴ്ച രാത്രി 8.30 വരെ പ്രദേശത്ത് നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചതായി കലക്ടർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു