റാസല്‍ഖൈമ: പ്രവാസികൾക്ക് യോജിച്ച മികച്ച നഗരങ്ങളെ കണ്ടെത്തുന്നതിനുള്ള ആഗോള സർവെയില്‍ നാലാം സ്ഥാനം കരസ്ഥമാക്കി റാസല്‍ഖൈമ. ഇന്റര്‍നാഷന്‍സ് എക്സ്പാറ്റ് സിറ്റി റാങ്കിങ്-2023 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് റാസല്‍ഖൈമയുടെ നേട്ടം. 172 രാജ്യങ്ങളിലായി 12,000ലേറെ പ്രവാസികളിലായാണ് ഇന്റര്‍നാഷന്‍സ് സർവെ നടത്തിയത്. പട്ടികയില്‍ ഇടം പിടിച്ച 49 ലക്ഷ്യസ്ഥാനങ്ങളിലാണ് റാസല്‍ഖൈമ നാലാമതെത്തിയത്.
ജീവിത നിലവാരം, സ്ഥിര താമസത്തിനുള്ള സൗകര്യം, വ്യക്തിഗത സാമ്പത്തിക ഭദ്രത, വിദേശ ജോലി, ഡിജിറ്റല്‍ ജീവിതം തുടങ്ങി പ്രവാസി അവശ്യ സൂചിക വിഭാഗങ്ങളിൽ റാസല്‍ഖൈമ മികവ് പുലര്‍ത്തി.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഭരണതലത്തില്‍ പുലര്‍ത്തുന്ന കാഴ്ച്ചപാടിലൂടെ പ്രവാസികള്‍ക്ക് മികച്ച തൊഴില്‍-ജീവിത അന്തരീക്ഷം ലഭ്യമാക്കാനുള്ള പ്രതിബദ്ധതയാണ് അന്താരാഷ്ട്ര അംഗീകാരം ഉയര്‍ത്തിക്കാട്ടുന്നതെന്ന് റാക് ഗവ. മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹെബ ഫതാനി പറഞ്ഞു.
ലോകത്തെ ആകര്‍ഷിക്കുന്ന സുരക്ഷിതവും ആതിഥ്യമര്യാദകളാല്‍ സമ്പന്നമാവുയ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് നേട്ടം. അടിസ്ഥാന സൗകര്യ വികസനങ്ങള്‍, സമ്പന്നമായ ചരിത്രവും സംസ്കാരവും, മനോഹരമായ പ്രകൃതി, ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം, സാമ്പത്തിക അവസരങ്ങള്‍ എന്നീ സവിശേഷതകള്‍ കാരണമായി പ്രവാസികള്‍ക്ക് ജീവിക്കാനും തൊഴിലെടുക്കുന്നതിനും നിക്ഷേപത്തിനുമുള്ള അനുയോജ്യമായ സ്ഥലമായി റാസല്‍ഖൈമ നിലകൊള്ളുന്നതായും ഹെബ അഭിപ്രായപ്പെട്ടു.
ആഗോള സര്‍വേയില്‍ നാലാം റാങ്ക് നേട്ടം റാസല്‍ഖൈമയുടെ വികസനത്തിന് സംഭാവന ചെയ്യുന്ന പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തിന്റെ കൂടി ഫലമാണെന്ന് റാക് മീഡിയ ഓഫീസ് സ്പെഷ്യല്‍ പ്രോജക്ട് മേധാവി റൂബ സെയ്ദാന്‍ പറഞ്ഞു. സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുരിച്ച് നവീകരണ പ്രവൃത്തികള്‍ നടത്തുന്നതില്‍ റാസല്‍ഖൈമ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അവര്‍ തുടര്‍ന്നു.
സ്പാനിഷ് നഗരങ്ങളായ മലാഗ, അലികാന്റ, വലന്‍സിയ എന്നിവക്ക് പിന്നിലായാണ് പട്ടികയിൽ റാസല്‍ഖൈമ ഇടം പിടിച്ചത്. അബൂദബി, മാഡ്രിഡ്, മെക്സിക്കോ സിറ്റി, ക്വാലാലമ്പൂര്‍, ബാങ്കോക്ക്, മസ്കത്ത് എന്നിവ ആദ്യ പത്ത് സ്ഥാനങ്ങളിലിടം പിടിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു