ദുബൈ: ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് വേണ്ടി യു.എ.ഇ ഏർപ്പെടുത്തിയ ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ സംവിധാനങ്ങൾ റഫ അതിർത്തി കടന്നു. തെക്കൻ ഗസ്സയിലാണ് ആശുപത്രി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. വലിയ ട്രക്കുകളിൽ ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ സംവിധാനങ്ങൾ അതിർത്തി കടക്കുന്ന ചിത്രം വിദേശകാര്യ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഇമാറാത്തി മെഡിക്കൽ ടീം ഫീൽഡ് ആശുപത്രിയിൽ പരിക്കേറ്റവർക്ക് ചികിൽസ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. നാല് ദിവസത്തെ വെടിനിർത്തലാണ് ഫീൽഡ് ആശുപത്രിക്ക് അതിർത്തി കടക്കാൻ വഴിയൊരുക്കിയത്.
ഫലസ്തീനികൾക്കാവശ്യമായ മെഡിക്കൽ സഹായം എത്തിക്കുന്നതിന് ആശുപത്രി സ്ഥാപിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഉത്തരവിട്ടത്. ഗസ്സയിലേക്ക് മാനുഷികസഹായം എത്തിക്കുന്നതിനായി പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ഈ സംരംഭം ഒരുക്കുന്നത്. ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി നേരത്തെ നിരവധി വിമാനങ്ങൾ അബൂദബിയിൽനിന്ന് ഈജിപ്തിൽ എത്തിയിരുന്നു. 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നീ വകുപ്പുകൾ ആശുപത്രിയിൽ സജ്ജീകരിക്കും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സി.ടി സ്കാനിങ്, ലബോറട്ടറി, ഫാർമസി, മറ്റ് മെഡിക്കൽ സഹായ സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഫലസ്തീൻ ജനതയോടുള്ള പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി സജ്ജീകരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു