ദുബൈ: ഇടവേളക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വീണ്ടും മഴ ലഭിച്ചു. ഫുജൈറ, ഷാർജ, ദുബൈ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിലാണ് ഇടിമിന്നലോടെ മഴ പെയ്തത്.
ഫുജൈറയിലും ഷാർജയിലെ ഉൾപ്രദേശങ്ങളിലുമാണ് കനത്ത മഴ പെയ്തത്. ദുബൈയിൽ ഹത്ത, മർമൂം തുടങ്ങിയ പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം മഴ ലഭിച്ചു. അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, അബൂദബിയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽ കാലാവസ്ഥ മേഘാവൃതമായിരുന്നു.
മഴയുടെ സാഹചര്യത്തിൽ യാത്രക്കാർ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു. ദുബൈയിൽ രാവിലെയും വൈകുന്നേരവുമാണ് മഴ ലഭിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും പൊലീസ് വൃത്തങ്ങൾ അറയിച്ചു. അന്തരീക്ഷ ന്യൂനമർദം കാരണമാണ് നിലവിലെ കാലാവസ്ഥ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. മഴ അടുത്ത ദിവസങ്ങളിൽ തുടരാൻ സാധ്യത കുറവാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു