അബൂദബി: തൊഴിൽ വാഗ്ദാനംചെയ്തും മറ്റും നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഒറിജിനലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റുകളുടെ ലിങ്കുകൾ നൽകിയും ഫോൺകോളുകളിലൂടെയും സർക്കാർ വെബ്സൈറ്റുകളുടെ വ്യാജ പകർപ്പുകളുണ്ടാക്കിയും എസ്.എം.എസുകളയച്ചുമൊക്കെയാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വളർത്തുമൃഗങ്ങളെ വിൽക്കുമെന്ന വ്യാജ പരസ്യങ്ങൾ നൽകിയും വിദേശത്ത് നിന്നടക്കം തട്ടിപ്പുകൾ നടത്തുന്നുണ്ട്.
വ്യാജ തൊഴിൽപരസ്യങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് പൊലീസ് താക്കീത് നൽകി. തൊഴിലവസരങ്ങൾക്കായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും പണം നൽകരുതെന്നും പൊലീസ് പറഞ്ഞു. ഓൺലൈൻ ബാങ്കിങ് പാസ് വേഡ്, എ.ടി.എം പിൻ നമ്പർ, സെക്യൂരിറ്റി നമ്പർ(സി.സി.വി) തുടങ്ങിയ വിവരങ്ങൾ ആർ ആവശ്യപ്പെട്ടാലും നൽകരുത്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചാൽ 8002626 എന്ന അമൻ സർവിസ് നമ്പറിൽ വിളിച്ചോ 2828 നമ്പറിൽ എസ്.എം.എസ് അയച്ചോ വിവരം തങ്ങളെ അറിയിക്കണമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
സർക്കാർ സ്ഥാപനങ്ങളുടെയോ പ്രമുഖ കമ്പനികളുടെയോ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജ വെബ്സൈറ്റുകളുടെ ലിങ്കുകളും സന്ദേശങ്ങളും അയച്ചുനൽകിയും ഫോൺ വിളിച്ചും നടത്തുന്ന തട്ടിപ്പുകൾക്കെതിരെ നേരത്തേയും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസിദ്ധമായ റസ്റ്റാറന്റുകളുടെയും ഷോപ്പുകളുടെയും പേരിൽ തയാറാക്കുന്ന വ്യാജ വെബ്സൈറ്റുകൾ പ്രത്യേക ഓഫറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ഇതിനു തയാറായി ക്രെഡിറ്റ് കാർഡിലൂടെ പണമടയ്ക്കുന്നവരുടെ അക്കൗണ്ടുകളിലെ പണം തട്ടിയെടുക്കുന്ന രീതിയുമുണ്ട്. ഷിപ്പിങ് ചാർജും ഇൻഷുറൻസ് തുകയും നൽകിയാൽ സമ്മാനം നൽകാമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുമായി സഹകരിക്കരുതെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു