അബൂദബി: യാസ് മറീന സർക്യൂട്ടിൽ അബൂദബി ഗ്രാൻഡ് പ്രീയുടെ ഫാമിലി ഫ്രൈഡേ ദിനത്തിൽ വൻ തിരക്ക്. 2012ൽ ആരംഭിച്ച പരിപാടിയിൽ ടിക്കറ്റ് എടുക്കുന്ന രണ്ടു മുതിർന്നവർക്കൊപ്പം 12 വയസ്സിൽ താഴെ പ്രായമുള്ള നാല് കുട്ടികൾക്ക് സൗജന്യപ്രവേശനം അനുവദിക്കുന്നുണ്ട്. കാറോട്ട മത്സരവേദിയിലേക്ക് കൂടുതൽ കുടുംബങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിക്കു തുടക്കം കുറിച്ചത്. കുടുംബത്തോടൊപ്പമാണ് മത്സരവേദിയിലെത്തുന്നതെങ്കിലും ഓരോരുത്തരും വെവ്വേറെ താരങ്ങളുടെ ആരാധകരാണ്.
തനിക്കിഷ്ടം ആൽപൈനെയാണെന്ന് വെളിപ്പെടുത്തിയ അബൂദബിയിലെ കെനിയൻ പ്രവാസി ചാൾസ് കാലമ തന്റെ ഭാര്യ വിന്നി ആൽഫ ടൗരിയെയും മകൻ ദാവൂദ് മാക്സ് വെസ്താപ്പനെയുമാണ് പിന്തുണക്കുന്നതെന്നും പറയുന്നു. അബൂദബിയിൽ അധ്യാപികയായി ജോലിചെയ്യുന്ന ഹൈലി ഹാകിൻസ് മകൻ സാമുവലിനും മകൾ വില്ലോക്കുമൊപ്പമാണ് യാസ് മറീന സർക്യൂട്ടിലെത്തിയത്.
ശനിയാഴ്ചയാണ് അബൂദബി ഫോർമുല വൺ ഗ്രാൻഡ് പ്രീയുടെ യോഗ്യത റൗണ്ട് നടന്നത്. ഞായറാഴ്ചയാണ് ഫൈനൽ. ലോകത്തുടനീളമുള്ള ഫോർമുല വൺ ആരാധകർ ഞായറാഴ്ചത്തെ ഫൈനൽ മത്സരത്തിനു സാക്ഷിയാകാൻ അബൂദബിയിൽ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്കുശേഷം കാറോട്ട പ്രേമികൾക്കായി വ്യോമാഭ്യാസവും അധികൃതർ ഒരുക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന പരിശീലന സെഷനിലുണ്ടായ അപകടങ്ങൾ പരിപാടി അൽപസമയം വൈകാൻ ഇടയാക്കി. ഫെരാറിയുടെ കാർലോസ് സൈൻസ് ആണ് ആദ്യം അപകടത്തിൽപെട്ടത്. ഇതിനുശേഷം നികോ ഹൽകൻബർഗും അപകടത്തിൽപെട്ടു.
ഫെരാരിയുടെ ചാൾസ് ലെക്ലേർക് ആണ് പരിശീലനയോട്ടത്തിൽ ഒന്നാമതെത്തിയത്. മക് ലാരന്റെ ലാൻഡോ നോറിസ് രണ്ടാമതും റെഡ് ബുളിന്റെ മാക്സ് വെർസ്റ്റാപ്പൻ മൂന്നാമതും എത്തി. വാൽട്ടറി ബോട്ടാസ്(ആൽഫ റോമിയോ), സെർജിയോ പെരസ്(റെഡ് ബുൾ), ജോർജ് റസ്സൽ(മെഴ്സിഡസ്), ഴൂ ഗുവാൻയു(ആൽഫ റോമിയോ), ലെവിസ് ഹാമിൽട്ടൺ(മെഴ്സിഡസ്), പീയർ ഗാസ് ലി(ആൽപൈൻ), ഓസ്കാർ പിയാസ്ട്രി(മക് ലാരൻ)എന്നിവരാണ് ഇവർക്കു പിന്നിലായി ഫിനിഷ് ചെയ്തവർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു